
ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തികളുടെ ചെലവാക്കലുകള്‍ വര്‍ധിപ്പിക്കാനായി കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ധനക്കമ്മി ഉയര്‍ത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ഇക്കോറാപ്പ് റിപ്പോര്‍ട്ട് പ്രകാരം ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനമായി ഉയര്‍ത്തും.
ചെലവാക്കലുകള്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക ഉത്തേജനത്തിനുമായുളള പുതിയ പദ്ധതി പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാരിന് അധികമായി 40,000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ധനമന്ത്രിയുടെ എല്‍ടിസി ക്യാഷ് വൗച്ചര്‍, ഫെസ്റ്റിവെല്‍ അഡ്വാന്‍സ് സ്‌കീം തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ചെലവാക്കല്‍ വര്‍ധിക്കുമെന്നും അതിലൂടെ രാജ്യത്ത് ഡിമാന്റ് വളര്‍ച്ചയുണ്ടാകുമെന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ഡോ. സൗമ്യ കാന്തി ഘോഷ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ധനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച്, യാത്രകള്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകയ്ക്ക് തുല്യമായ പണം ലഭിക്കും. അവര്‍ക്ക് ഇഷ്ടമുള്ള വാങ്ങലുകള്‍ നടത്താന്‍ ഈ അലവന്‍സ് ഉപയോഗിക്കാം. 12 ശതമാനം ജിഎസ്ടിയോ അതില്‍ കൂടുതലോ ആകര്‍ഷിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമാകും, ചെലവാക്കല്‍ ഡിജിറ്റല്‍ മോഡ് വഴി മാത്രമേ ചെയ്യാവൂ. സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും.