
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുളള കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന് കീഴിലെ മൂന്നാം ഘട്ട നടപടികള്‍ പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് 3.0 യില്‍ തൊഴിലവസര സൃഷ്ടി, റിയല്‍ എസ്റ്റേറ്റ്- ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ ഉണര്‍വ് എന്നിവ ലക്ഷ്യമിട്ടുളള നടപടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ആത്മനിര്‍ഭര്‍ ഭാരത് 3.0 പ്രഖ്യാപനങ്ങളില്‍, സര്‍ക്കാരിന് 2,65,080 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. കൊവിഡ്-19 നെതിരായ പോരാട്ടത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയ മൊത്തം ധന-ധനസഹായ പാക്കേജിന്റെ മൂല്യം ഇതോടെ 29,87,641 കോടി രൂപയായി. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ഏകദേശം 15 ശതമാനത്തിന് തുല്യമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇതുവരെയുള്ള മൊത്തം ഉത്തേജനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിഹിതം 12,71,200 കോടിയാണ്. 1.0, 2.0 എന്നീ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകള്‍ യഥാക്രമം 1,102,650 കോടി, 73,000 കോടിയുടേതായിരുന്നു. റിയല്‍റ്റി ഡവലപ്പര്‍മാര്‍ക്കും കരാറുകാര്‍ക്കും അധിക ധനസഹായം, രാസവളങ്ങള്‍ക്കുള്ള സബ്‌സിഡി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനങ്ങള്‍, ഗ്രാമീണ ജോലികള്‍ക്കായുളള അധിക ചെലവാക്കല്‍ എന്നിവ ആത്മനിര്‍ഭര്‍ ഭാരത് 3.0 ഉത്തേജക നടപടികളില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് അവകാശപ്പെട്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. ഗ്രാമങ്ങളിലേക്ക് തൊഴിലാളികള്‍ മടങ്ങിയ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 41000 കോടി കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിനായിരം കോടി കൂടി നല്‍കാനാണ് പുതിയ തീരുമാനം. നഗരങ്ങളില്‍ തൊഴിലവസരം കൂട്ടാന്‍ 18,000 കോടി കൂടി പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിക്ക് നല്‍കും. 12 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് 78 ലക്ഷം തൊഴിലവസരത്തിനാണ് ശ്രമം.
പുതുതായി തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ 15000 രൂപ വരെ ശമ്പളമുള്ള പുതു ജീവനക്കാരുടെ രണ്ടു വര്‍ഷത്തെ പിഎഫ് വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ അടയ്ക്കും. രാസവള സബ്സിഡിക്ക് 65,000 കോടി രൂപ നല്‍കും. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്ക്കേണ്ട തുക 5 മുതല്‍ 10 എന്നതില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ നികുതിയില്ലാതെ അവകാശപ്പെടാവുന്ന കിഴിവ് 10 ല്‍ നിന്ന് 20 ശതമാനമായി കൂട്ടി. ചെറുകിട സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വായ്പ ഗ്യാരന്റി പദ്ധതിയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടി.
സമ്പദ് വ്യവസ്ഥയില്‍ വീണ്ടെടുക്കല്‍ വ്യക്തമായി നടക്കുന്നുവെന്ന് നിരവധി സൂചകങ്ങള്‍ കാണിക്കുന്നു. സര്‍ക്കാര്‍ ആസൂത്രിതമായി കൊണ്ടുവന്ന നിരന്തരമായ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശക്തമായ വീണ്ടെടുക്കല്‍ സാധ്യമാകുന്നതെന്നും ധനമന്ത്രി മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ സമ്പദ്രംഗം രണ്ടാം പാദത്തിലും 8.6 ശതമാനം ചുരുങ്ങുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സാങ്കേതികമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്നും റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍മാരില്‍ ഒരാള്‍ കൂടി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കൂടുതല്‍ ഉത്തേജക നടപടികള്‍ ആവശ്യപ്പെടുന്ന സമയത്താണ് ഏറ്റവും പുതിയ പാക്കേജ് വരുന്നത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ വാര്‍ഷിക സങ്കോചത്തിലേക്ക് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധി നയിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കൂടുതല്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി.