
മുംബൈ: വാക്‌സിന്‍ പരീക്ഷണങ്ങളെ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള സാമ്പത്തിക ഡാറ്റയും ഏഷ്യന്‍ വിപണികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളെ മറികടന്ന് ഏഷ്യന്‍ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ ഇത് സഹായിച്ചു. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ എംഎസ്‌സിഐയുടെ വിശാല സൂചിക ഒരു ശതമാനം ഉയര്‍ന്നു. 1987 ല്‍ ആരംഭിച്ചതിനുശേഷമുളള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണിപ്പോള്‍ സൂചിക.
ജപ്പാനിലെ നിക്കി 29 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലും ദക്ഷിണ കൊറിയയുടെ കോസ്പി 2018 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. ഓസ്‌ട്രേലിയയുടെ എ എസ് എക്‌സ് 200 രാവിലെ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുകയറി, തുടര്‍ന്ന് വ്യാപാരം നിര്‍ത്തിവച്ചു.
വെള്ളിയാഴ്ച സൂചികയുടെ റെക്കോര്‍ഡ് ക്ലോസിംഗിന് ശേഷം എസ് ആന്റ് പി 500 ഫ്യൂച്ചറുകള്‍ 0.6 ശതമാനവും നാസ്ഡാക്ക് 100 ഫ്യൂച്ചറുകള്‍ ഒരു ശതമാനവും നേട്ടം കൊയ്തു. യൂറോപ്യന്‍ ഫ്യൂച്ചറുകളും ശക്തമായി തുടരുന്നു. യൂറോസ്റ്റോക്‌സ് 50 ഫ്യൂച്ചറുകള്‍ 0.8 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചറുകള്‍ അര ശതമാനവും ഉയര്‍ന്നു. ഡോളറിന്റെ മൂല്യം കുറയുകയും വെള്ളിയാഴ്ചത്തെ ഇടിവിന് ശേഷം അന്താരാഷ്ട്ര എണ്ണവില മാറ്റമില്ലാതെ തുടരുന്നു.