
തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനിടെ ഒരു കാപ്പി കുടിക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ അതിനു വേണ്ടി ക്യൂ നിന്ന് മടുത്തുവെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ഇന്ന് ഭക്ഷണത്തിനായി കാത്തു നില്‍ക്കുന്നവരിലേക്ക് ഞൊടിയിടയില്‍ ഭക്ഷണമെത്തുന്ന വിപ്ലവത്തിന് നാം സാക്ഷികളാണ്. അതില്‍ ഏറ്റവും പ്രധാന കമ്പനിയായ സൊമാറ്റോയുടെ വളര്‍ച്ചയാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മുന്‍പ് പറഞ്ഞത് പോലെ കാപ്പിക്കായി ക്യൂവില്‍ നിന്നും ബുദ്ധിമുട്ടിയ വ്യക്തിയാണ് സൊമാറ്റോയുടെ സ്ഥാപക ഉടമ ദീപീന്ദര്‍ ഗോയല്‍.
ഈ അനുഭവമാണ് അദ്ദേഹത്തെ സംരംഭകനായി വളര്‍ത്തിയത്. ഇന്ന് രാജ്യത്തെ മുന്‍നിര ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. ലാഭത്തിന്റെ കാര്യത്തിലും മുമ്പന്‍ ഇവര്‍ തന്നെ. 2005ല്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ദീപീന്ദര്‍ 2006 ജനുവരിയില്‍ ബെയ്ന്‍ ആന്റ് കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ആയി ചുമതലയേറ്റു. അവിടെ ജോലി ചെയ്യുന്നതിനിടെ, ഭക്ഷണം കഴിക്കാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും റസ്റ്റോറന്റുകള്‍ തിരഞ്ഞും മെനു പരിശോധിച്ചും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് കണ്ടാണ് ദീപീന്ദര്‍ അതിനെന്തെങ്കിലും എളുപ്പവഴിയുണ്ടോയെന്ന് ആലോചിച്ചത്.
കൂട്ടിന് സഹപ്രവര്‍ത്തകനും ബാല്യകാലം മുതലുള്ള സുഹൃത്തുമായ പങ്കജ് ചദ്ദായുമുണ്ടായിരുന്നു. റസ്റ്റോറന്റിലെ മെനു ഓണ്‍ലൈനായി ലഭിക്കുകയാണങ്കില്‍ ആളുകള്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാന്‍ എളുപ്പാമാകുമല്ലോയെന്ന് അവര്‍ ചിന്തിച്ചു. ഒരു വെബ്സൈറ്റ് രൂപീകരിച്ചുകൊണ്ട്, ചുറ്റുമുള്ള എല്ലാ റസ്റ്റോറന്റുകളിലെയും മെനു ബെയ്നിലെ തൊഴിലാളികള്‍ക്കായി ഇന്‍ട്രാനെറ്റ് വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തു. അത് 2008ല്‍ Foodiebay.com എന്ന സ്ഥാപനം തുടങ്ങുന്നതിലേക്കെത്തി. അതാണ് പിന്നീട് സൊമാറ്റോ.കോം ആയി മാറിയത്.
അവരെ അതിശയിപ്പിച്ചുകൊണ്ട് ആ വെബ്സൈറ്റിന് പ്രതീക്ഷിച്ചതിനേക്കാളേറെ ട്രാഫിക് ലഭിച്ചു. അങ്ങനെയാണ് അതിനുള്ളിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നായിരുന്നു Foodiebay.com വളര്‍ന്നത്. അതോടെ കൂടുതല്‍ റസ്റ്റോറന്റുകള്‍ ലിസ്റ്റ് ചെയ്യാനും കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു, പൂനെ നഗരങ്ങളിലേക്കു കൂടി കച്ചവടം വ്യാപിപ്പിക്കാനും ഇവര്‍ നിര്‍ബന്ധിതരായി.പൊതുവേ ഭക്ഷണ പ്രിയരാണ് പഞ്ചാബികള്‍. ദീപീന്ദറും അതിന് അപവാദമായിരുന്നില്ല. എന്നാല്‍ 'ഭക്ഷണത്തോടുള്ള ഇഷ്ടത്തേക്കാള്‍ സാങ്കേതിക വിദ്യയോടുള്ള പ്രിയവും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള ത്വരയുമാണ്' സൊമാറ്റോയുടെ രൂപീകരണത്തിലേക്ക് നയിച്ചതന്നാണ് ദീപീന്ദര്‍ പറഞ്ഞത്.
2010 നവംബറിലാണ് ഫുഡീബെയന്ന പേരുമാറ്റി സൊമാറ്റോ ആക്കിയത്. ടുമാറ്റോയന്ന പേരിനോട് സാമ്യം തോന്നുന്ന പേരായതുകൊണ്ടും എളുപ്പം ഓര്‍ക്കാവുന്ന ഒന്നായതുകൊണ്ടുമാണ് ഈ പേരിലേക്ക് മാറിയത്. ഇവരുടെ ആശയത്തില്‍ താല്‍പ്പര്യം തോന്നിയ നൗകരി ഡോട്ട് കോം സ്ഥാപകന്‍ സഞ്ജീവ് ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതോടെ കമ്പനിയുടെ വളര്‍ച്ച വേഗത്തിലായി. 2008ല്‍ 1200 റെസ്റ്റോറന്റുകളുടെ ലിസ്റ്റിംഗുമായി തുടങ്ങിയ ദീപീന്ദറിന് ഇന്ന് 22 രാജ്യങ്ങളിലായുള്ള പതിനായിരത്തിലേറെ നഗരങ്ങളിലേക്ക് സൊമാറ്റോയെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് സൊമാറ്റോ.
ഡെലിവറി ബോയ് ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കിയ ഉപയോക്താവിനോട് 'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്' എന്നു പറഞ്ഞ് ദീപീന്ദര്‍ ഗോയല്‍ കയ്യടി നേടിയിരുന്നു. സ്വന്തം സ്ഥാപനത്തിലൂടെ അദ്ദേഹം നടപ്പിലാക്കിയ പല തൊഴില്‍ നയങ്ങളും ഇത്തരത്തില്‍ കയ്യടി നേടിയിരുന്നു. ലോകത്ത് സ്ത്രീ- പുരുഷ തൊഴിലാളികള്‍ക്കിടയിലെ കൂലി വ്യത്യാസം കുറയ്ക്കാനുള്ള സുപ്രധാന നീക്കം ഇക്കഴിഞ്ഞമാസം സുമാറ്റോയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ലീവായി നല്‍കുന്ന ആറുമാസം പുരുഷന്മാര്‍ക്കും പാരന്റല്‍ ലീവായി സുമാറ്റോ അനുവദിക്കുന്നുണ്ട്. സ്ത്രീകള്‍ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്ന വരാത്തതിന് ഒരു കാരണം പാരന്റല്‍ ലീവ് അനുവദിക്കുന്നതിലെ വിവേചനമാണെന്നാണ് ഗോയലിന്റെ അഭിപ്രായം.
ഇന്ത്യയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട 100 മില്യണ്‍ ആളുകള്‍ക്ക് മാസം തോറും ഭക്ഷണം നല്‍കുന്ന എന്‍.ജി.ഒ ആയ ഫീഡിങ് ഇന്ത്യയെ അടുത്തിടെ സുമാറ്റോ ഏറ്റെടുത്തിരുന്നു. എല്ലാ മേഖലകളിലെന്നപോലെ സൊമാറ്റോയ്ക്കും വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. സൊമാറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സഹസ്ഥാപകനായ പങ്കിന്റെ പുറത്തുപോക്കായിരുന്നു. ഇത് സൊമാറ്റോക്ക് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ തനിക്കു കഴിയുമെന്ന ദീപീന്ദറിന്റെ ആത്മവിശ്വാസമാണ് സുമാറ്റോയ്ക്ക് തണലായത്.
ഭക്ഷണം തന്നെ മതം
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് അഹിന്ദുവായ ആളായതിനാല്‍ ഭക്ഷണം ക്യാന്‍സല്‍ ചെയ്തയാളുടെ ട്വീറ്റ് ഏറെ ചര്‍ച്ചകള്‍ക്കാണ് ഇന്ന് വേദിയൊരുക്കിയത്. സോഷ്യല്‍ മീഡിയയിലാകെ ഇത് ചേരിതിരിഞ്ഞുള്ള വാക്പോരുകള്‍ക്ക് വഴിവച്ചു. തുടര്‍ന്ന് വിശദീകരണവുമായി 'സൊമാറ്റോ' തന്നെ രംഗത്തെത്തി. ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്.
അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ചര്‍ച്ചകള്‍ കൂടുതല്‍ കൊഴുത്തു. മതത്തിന്റെ പേരില്‍ ഭക്ഷണം വേണ്ടെന്ന് വച്ച അമിത് ശുക്ലയെ സോഷ്യല്‍ മീഡിയ വലിയരീതിയിലാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. കൂടാതെ, ഇദ്ദേഹം മുമ്പ് ഇടപെട്ടിരുന്ന രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇതിനിടെയാണ് ഒരു വിഭാഗം പേര്‍ ചേര്‍ന്ന് അമിത് ശുക്ലയുടെ ഒരു സ്ത്രീവിരുദ്ധ കമന്റ് ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.
പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍, ട്വിറ്ററില്‍ മുമ്പ് പങ്കുവച്ച ചിത്രത്തിന് താഴെയാണ് അമിത് മോശം കമന്റ് ഇട്ടിരിക്കുന്നത്. താന്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറായിരുന്നപ്പോള്‍ എടുത്ത ചിത്രമാണ് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നത്. ഗൃഹാതുരത തോന്നുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയിട്ട ഫോട്ടോയ്ക്ക് താഴെ എഴുത്തുകാരിയുടെ ശരീരത്തെക്കുറിച്ച് അമിത് മോശം രീതിയില്‍ ഇട്ട കമന്റ് ആണ് വിവാദമാകുന്നത്.