
മുംബൈ: ഈജിപ്തിലെ സൂയസ് കനാല്‍ ലോകത്തെ പ്രധാന ചരക്ക് പാതയാണ്. അടുത്തിടെയാണ് കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയതും ലോക രാജ്യങ്ങള്‍ പ്രതിസന്ധിയിലായതും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തികമായി കനത്ത നഷ്ടമാണ് ഈ അപകടമുണ്ടാക്കിയത്. പുതിയ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം വീണ്ടും ചര്‍ച്ചയാകുകയാണ്.
മുംബൈയില്‍ നിന്ന് റഷ്യയിലേക്ക് ഇറാന്‍ വഴി പോകാന്‍ സാധിക്കുന്ന ചരക്ക് പാത നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. 2002ലാണ് ഈ പാതയുടെ ആദ്യ ചര്‍ച്ച നടന്നത്. പക്ഷേ, പല കാരണങ്ങളാലും അമേരിക്കന്‍ സമ്മര്‍ദ്ദത്താലും തുടര്‍ നീക്കങ്ങളുണ്ടായില്ല. ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് കോറിഡോര്‍ എന്നാണ് ഈ പാതയെ വിളിക്കുന്നത്. 7200 കിലോമീറ്റര്‍ ദൂരമുള്ളതാണ് പാത. യാത്രാ സമയം 20 ദിവസം മാത്രം മതിയാകും. 30 ശതമാനം സാമ്പത്തിക ലാഭവുമുണ്ടാകുമെന്നതാണ് പ്രത്യേകത.
സൗത്ത്-വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ കപ്പല്‍, റെയില്‍, റോഡ് ഗതാഗതം ഉള്‍പ്പെടും. ഈ പാത സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ട് എന്ന് റഷ്യയിലെ ഇറാന്‍ അംബാസഡര്‍ കാസിം ജലാലി അഭിപ്രായപ്പെട്ടു. മുംബൈയില്‍ നിന്ന് ആരംഭിച്ച് ഇറാന്‍ വഴി കാസ്പിയന്‍ കടലിലൂടെ റഷ്യയിലെ മോസ്‌കോയിലെത്തുന്നതാണ് പാത. സൂയസ് കനാലില്‍ എവര്‍ ഗിണണ്‍ കപ്പല്‍ കുടുങ്ങിയത് കാരണം 900 കോടി ഡോളറിന്റെ നഷ്ടമാണ് ആഗോള സാമ്പത്തിക രംഗത്തിനുണ്ടായത്. പുതിയ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകേണ്ടതുണ്ടെന്ന് ഇറാന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു.