ടെലികോം കമ്പനികളുടെ അനുനയ നീക്കങ്ങള്‍ തുടങ്ങി; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിട്ട് സന്ദര്‍ശിച്ച് ബിര്‍ളയും മിത്തലും

February 21, 2020 |
|
News

                  ടെലികോം കമ്പനികളുടെ അനുനയ നീക്കങ്ങള്‍ തുടങ്ങി; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിട്ട് സന്ദര്‍ശിച്ച് ബിര്‍ളയും മിത്തലും

ദില്ലി: ടെലികോം മേഖലയ്ക്ക് വന്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ കമ്പനി ഉടമകള്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. വോഡഫോണ്‍ ഐഡിയയുടെ കുമാര്‍ മംഗളം ബിര്‍ളയും ഭാരതി എയര്‍ടെലിന്റെ സുനില്‍ഭാരതി മിത്തലും മൂന്ന് ദിവസമായി ദില്ലിയില്‍ തന്നെയാണ്. ബിര്‍ള ചൊവ്വാഴ്ച ടെലികോം സെക്രട്ടറിയെ കണ്ടു. ബുധനാഴ്ച മിത്തലും ബിര്‍ളയും കൂടി ധനമന്ത്രി നിര്‍മലാ സീതാരാമനെ കണ്ടിട്ടുണ്ട്. ഇന്നലെ മിത്തല്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനെയും സമീപിച്ചു. ഈ കൂടിക്കാഴ്ചക്കിടെ ഉദ്യോഗസ്ഥതലത്തിലും പല ചര്‍ച്ചകള്‍ നടക്കുകയാണ്. ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തി. വോഡഫോണ്‍ ഐഡിയയെ തകര്‍ക്കുന്നതും ഭാരതി എയര്‍ടെലിനെ തളര്‍ത്തുന്നതുമാണ് നിലവിലെ എജിആര്‍ കുടിശിക സംബന്ധിച്ച തീരുമാനങ്ങള്‍ .

കമ്പനികളുടെ ടെലികോം ഇതര വരുമാനത്തിന്റെ വീതംകൂടി  സര്‍ക്കാരിന് നല്‍കണമെന്നാണ് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി ഉത്തരവിട്ടത്. പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന കേസിലായിരുന്നു വിധി. 15 വര്‍ഷം നീണ്ട കേസിലെ ഈ വിധി കമ്പനികള്‍ക്ക് അപ്രതീക്ഷിതമായ ആഘാതമായി മാറുകയായിരുന്നു. ടാറ്റാ ടെലി 14000 കോടി,റിലയന്‍സ് ജിയോ 195 കോടി.ഭാരതി എയര്‍ടെല്‍ 33000 കോടി,വോഡഫോണ്‍ ഐഡിയ 53000 കോടി എന്നിങ്ങനെ ബാധ്യതയുള്ളതായാണ് ടെലികോം വകുപ്പ് അന്ന് പറഞ്ഞത്. ഈ ആഴ്ച കമ്പനികള്‍ക്ക് പുതിയ നോട്ടീസ് അയക്കുമ്പോള്‍ തുക വീണ്ടും കൂടിയേക്കും. സര്‍വീസ് ടാക്‌സും ജിഎസ്ടിയും പിഴയ്ക്ക് പുറമേ ചുമത്തും. ഭാരതി എയര്‍ടെലിന് വീഡിയോ കോണിന്റെ കുടിശിക കൂടി അധികബാധ്യതയാകും.

എന്നാല്‍ കമ്പനികള്‍ ഈ കണക്കുകള്‍ അംഗീകരിക്കു്‌നില്ല. സര്‍ക്കാരിന്റെ പതിനാലായിരം കോടിയുടെ സ്ഥാനത്ത് 2197 കോടിയാണ് ടാറ്റാ ടെലികോം അംഗീകരിക്കുന്ന കണക്ക്. ടാറ്റാ 2197 കോടിയാണ് അടച്ചിട്ടുള്ളത്. വോഡഫോണ്‍ ഇന്നലെ ആയിരം കോടി അടച്ചതോടെ മൊത്തം അടച്ച തുക 3500 കോടിയായി. എയര്‍ടെല്‍ 10,000 കോടി അടച്ചിട്ടുണ്ട്. പക്ഷേ ഇതിനേക്കാള്‍ വളരെ തുകയ്ക്ക് ടെലികോം നിര്‍ബന്ധം പിടിക്കുന്ന സാഹചര്യത്തിലാണ് ടെലികോം ഉടമകള്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിട്ട് കാണുന്നത്. വോഡഫോണ്‍ ഐഡിയ പാപ്പരായാല്‍ എയര്‍ടെല്‍ കൂടുതല്‍ തുക അടയ്‌ക്കേണ്ട സ്ഥിതിയും വരുന്നു. ഇത് അവരുടെ മത്സരക്ഷമതെയ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ രണ്ട് കമ്പനികളുടെയും മേധാവികള്‍ ഒരുമിച്ചാണ് അനുനയ നീക്കങ്ങള്‍ നടത്തുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved