
തിരുവനന്തപുരം: 5 കിലോമീറ്ററിനു 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കി സപ്ലൈകോ, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി. കോവിഡ് കാലത്തു സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ചാണു പദ്ധതി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി സപ്ലൈകോ മാള്‍ അടക്കം 21 വില്‍പനശാലകളില്‍ നിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതിനായി 19 കമ്പനികളെ തിരഞ്ഞെടുത്തു.
48 സ്ഥാപനങ്ങള്‍ താല്‍പര്യപത്രം നല്‍കിയിരുന്നു. കമ്പനികളുടെ ആപ്പില്‍ സപ്ലൈകോ വിലയ്ക്കു സാധനങ്ങള്‍ ഒാര്‍ഡര്‍ ചെയ്യാം. ഓരോ ഒാണ്‍ലൈന്‍ കമ്പനിക്കും നിശ്ചിത വില്‍പനശാലകള്‍ അനുവദിച്ചിട്ടുണ്ട്. 5 കിലോമീറ്ററിനു മുകളിലേക്കുള്ള സര്‍വീസിന് ഓരോ കിലോമീറ്ററിനും നിശ്ചിത തുക ഈടാക്കാമെങ്കിലും പരമാവധി 60 രൂപയേ ഈടാക്കാവൂ എന്നാണു വ്യവസ്ഥ. കോര്‍പറേഷനു സാമ്പത്തിക ബാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വില്‍പനയും പ്രതികരണവും അടിസ്ഥാനമാക്കി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.