
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തി ഒളിവില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഫെബ്രുവരി 24-ലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. വ്യക്തിപരമായോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകാനുള്ള അവസാന അവസരമായാണ് ഈ രണ്ടാഴ്ചത്തെ സമയം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ കോടതി തന്നെ കേസില്‍ യുക്തിസഹമായ ഒരു തീരുമാനത്തിലെത്തുമെന്നും പറഞ്ഞതായും വാര്‍ത്താ എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
40 മില്യണ്‍ ഡോളര്‍ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനാണ് വിജയ് മല്യക്കെതിരെ കോടതി കേസെടുത്തത്. മല്യയുടെ നടപടി കോടതിയുടെ മുന്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍, ഇക്കാര്യത്തില്‍ കോടതി കേസെടുത്തിട്ടും തുടര്‍ നടപടികളോട് മല്യ സഹകരിച്ചിരുന്നില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്ക് 9,000 കോടി രൂപയിലധികം വായ്പയെടുത്ത് മുങ്ങിയ മല്യ ഇപ്പോള്‍ യു.കെയിലാണുള്ളത്. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് യു.കെ കോടതിയുടെ പരിഗണനയിലാണ്.