ആമസോണ്‍-ഫ്യൂച്ചര്‍-റിലയന്‍സ് കേസ്: തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ

April 20, 2021 |
|
News

                  ആമസോണ്‍-ഫ്യൂച്ചര്‍-റിലയന്‍സ് കേസ്: തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: ആമസോണ്‍-ഫ്യൂച്ചര്‍-റിലയന്‍സ് കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ജഡ്ജിക്കും ഡിവിഷന്‍ ബെഞ്ചിനും മുമ്പാകെയുള്ള തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ. ഇക്കാര്യത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് രോഹിന്റണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിഷയം മേയ് നാലിന് ഇനി കോടതി പരിഗണിക്കുന്നത്. ഇ-കൊമേഴ്‌സ് വമ്പനായ ആമസോണാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.

ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് (എഫ്ആര്‍എല്‍) റിലയന്‍സ് റീട്ടെയിലുമായി 24,731 കോടി രൂപയുടെ ആസ്തി വില്‍പ്പന കരാറുമായി മുന്നോട്ട് പോകുന്നത് തങ്ങളുമായുള്ള കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആമസോണിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ നീക്കി.   

ഫ്യുച്ചര്‍ റീട്ടെയ്‌ലിന്റെ 9.82 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ (എഫ്‌സിപിഎല്‍) 49 ശതമാനം ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയിരുന്നു. ഇതിലൂടെ പരോക്ഷമായി ഫ്യൂച്ചര്‍ റീട്ടെയ്‌ലിലും തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്നും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് റിലയന്‍സ് റീട്ടെയ്‌ലുമായുള്ള കരാറെന്നും ആമസോണ്‍ പറയുന്നു. ഇതു സംബന്ധിച്ച് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിലെ (എസ്‌ഐസി) എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ (ഇഎ) അനുകൂല ഉത്തരവും ആമസോണ്‍ നേടിയിട്ടുണ്ട്.

സിംഗപ്പൂര്‍ ആര്‍ബിട്രേറ്ററുടെ വിധി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തില്‍ ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എഫ്‌സിപിഎല്‍), എഫ്ആര്‍എല്‍, കിഷോര്‍ ബിയാനി, മറ്റ് 10 പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാണ് സിംഗിള്‍ ബെഞ്ച് ഉത്തരവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ ആക്റ്റ് അനുസരിച്ചുള്ള ഉത്തരവല്ല സിംഗപ്പൂര്‍ കോടതിയില്‍ നിന്നുണ്ടായിട്ടുള്ളതെന്നും അതിനാല്‍ ഇന്ത്യയില്‍ ഇത് പാലിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ നിലപാട്.

Related Articles

© 2025 Financial Views. All Rights Reserved