ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍; 59 ശതമാനം കമ്പനികളും ശമ്പള വര്‍ധനവ് നല്‍കുമെന്ന് റിപ്പോര്‍ട്ട്

April 15, 2021 |
|
News

                  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍; 59 ശതമാനം കമ്പനികളും ശമ്പള വര്‍ധനവ് നല്‍കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത് സ്വകാര്യ മേഖലയിലും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ 59 ശതമാനം കമ്പനികളും തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ജീനിയസ് കന്‍സള്‍ട്ടന്റ്‌സ് നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. കൂടാതെ തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കമ്പനികള്‍ അവരുടെ ബിസിനസ്സ് തുടര്‍ച്ച തന്ത്രവും ആലോചിക്കും.

സര്‍വേയുടെ ഭാഗമായ 59 ശതമാനം കമ്പനികളും ശമ്പള വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നു. ശമ്പളത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ ഇന്‍ക്രിമന്റാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്. 20 ശതമാനം കമ്പനികള്‍ അഞ്ച് ശതമാനത്തില്‍ താഴെ ശമ്പളവര്‍ധനവും 21 ശതമാനം കമ്പനികള്‍ ഈ വര്‍ഷം ശമ്പള വര്‍ധനവിനെക്കുറിച്ച് ആലോചിക്കുന്നുമില്ല.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബാങ്കിംഗ്, ഫിനാന്‍സ്, കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം / അദ്ധ്യാപനം / പരിശീലനം, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി, എച്ച്ആര്‍ സൊല്യൂഷനുകള്‍, ഐടി, ഐടിഇഎസ്, ബിപിഒ, ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിംഗ്, മീഡിയ, ഓയില്‍, ഗ്യാസ്, ഫാര്‍മ, മെഡിക്കല്‍, പവര്‍, എനര്‍ജി, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, ടെലികോം, ഓട്ടോ, മേഖലകളിലെ 1200 കമ്പനികളാണ് പഠനത്തിന്റെ ഭാഗമായത്.

രാജ്യത്തൊട്ടാകെയുള്ള പഠനത്തില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേര്‍ പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി തുറന്നിട്ടുണ്ടെന്നും 41 ശതമാനം പേര്‍ പകരം നിയമനത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. അതേസമയം, പുതുതായി നിയമനം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് 11 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജീവനക്കാരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ കമ്പനിയോടുള്ള ജീവനക്കാരുടെ മനോഭാവവും കമ്പനിയെ നയിക്കാന്‍ അവര്‍ കാണിച്ച മനോധൈര്യവും ആത്മസമര്‍പ്പണവും കണക്കിലെടുത്താണ് ശമ്പളം കൂട്ടിനല്‍കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും ടിസിഎസ് അറിയിച്ചു. ശമ്പള വര്‍ധനവിനൊപ്പം ജീവനക്കാരോടുള്ള നന്ദിയും ടിസിഎസ് അറിയിച്ചിട്ടുണ്ട്. ഇതുപോലെ നിരവധി കമ്പനികളില്‍ ഇന്‍ക്രിമെന്റ് പ്രക്രിയയും നടന്നുകൊണ്ടിരിക്കുകയാണ്. ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് സാമ്പത്തിക രംഗത്ത് ആകെ പ്രതിഫലിക്കുമെന്നും വിദഗ്ധര്‍ അഭിപ്രയപ്പെട്ടു.

Related Articles

© 2025 Financial Views. All Rights Reserved