
കൊച്ചി: വിപണിയില്‍ ഐപിഒ കാലം വരികയായി. ഗെയിമിങ്, സ്പോര്‍ട്സ് മീഡിയ പ്ലാറ്റ്ഫോം രംഗത്തെ മുന്‍നിരക്കാരും ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനവുമായ നസാറാ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വില്‍പന മാര്‍ച്ച് 17 മുതല്‍ 19 വരെ നടത്തും. നാലു രൂപ മുഖലവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 1100 രൂപ മുതല്‍ 1101 രൂപ വരെയാണ്. കുറഞ്ഞത് 13 ഓഹരികള്‍ക്കായോ അതിന്റെ ഗുണിതങ്ങള്‍ക്കായോ അപേക്ഷിക്കാം.
ഇന്ററാക്ടീവ് ഗെയിമിങ്, ഇ-സ്പോര്‍ട്സ്, വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ളവയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. 5,294,392 വരെ ഓഹരികളാണ് ഐപിഒ വഴി ലഭ്യമാക്കുന്നത്.
രാജ്യത്തെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പന മാര്‍ച്ച് 17 മുതല്‍ 19 വരെ നടത്തും. 10 രൂപ മുഖലവിലയുള്ള ഓഹരിക്ക് 303 രൂപ മുതല്‍ 305 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 49 ഓഹരികള്‍ക്ക് അപേക്ഷിക്കാം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 81,50,000 പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ വില്‍ക്കുന്ന 10,943,070 ഓഹരികളും അടങ്ങിയതാണ് ഐപിഒ. 5,00,000 ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കു മാറ്റി വെച്ചിട്ടുണ്ട്.
പുതിയ ഇഷ്യുവില്‍ നിന്നുള്ള മൊത്തം വരുമാനം ബാങ്കിന്റെ ഭാവി മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഉപയോഗിക്കും. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യൂവിന്റെ ലീഡ് മാനേജര്‍മാര്‍.
പൊതുവിപണിയില്‍ നിന്നും 1,175 കോടി രൂപ സമാഹരിക്കുക ലക്ഷ്യമിട്ട് കല്യാണ്‍ ജ്വല്ലേഴ്‌സും പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങുകയാണ്. കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒ ആയി കല്യണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി വില്‍പ്പന മാറും. മൂന്ന് ദിവസം മാത്രമാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍ ഐപിഒ വഴി സ്വന്തമാക്കാന്‍ കഴിയുക. മാര്‍ച്ച് 16 ന് തുടങ്ങുന്ന ഐപിഒ മാര്‍ച്ച് 18 ന് സമാപിക്കും.
ഓഹരികളുടെ മുഖവില 10 രൂപയും പ്രൈസ് ബാന്‍ഡ് 86 മുതല്‍ 87 രൂപ വരെയുമാണ്. ഐപിഒ വഴി ഓഹരി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയത് 172 ഓഹരികള്‍ വാങ്ങേണ്ടുണ്ട്. അതില്‍ താഴെ ഓഹരികള്‍ക്ക് അപേക്ഷിക്കാനാവില്ല.