
സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് സ്വിഗ്ഗി അസറ്റ് മാനേജര്‍ ഇന്‍വെസ്‌കോയുടെ നേതൃത്വത്തില്‍ 700 മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിച്ചതായി കമ്പനി തിങ്കളാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍, ഫുഡ് ടെക് പ്ലാറ്റ്ഫോം സ്വിഗ്ഗി മുന്‍ ധനസമാഹരണത്തില്‍ നിന്ന് ഏകദേശം ഇരട്ടിയായി മൂല്യം വര്‍ധിപ്പിച്ച് 10.7 ബില്യണ്‍ ഡോളറായി.
ബാരണ്‍ ക്യാപിറ്റല്‍ ഗ്രൂപ്പ്, കൊട്ടക് തുടങ്ങിയ പുതിയ നിക്ഷേപകരില്‍ നിന്നുള്ള പങ്കാളിത്തം ലഭിച്ചതായി ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം പറഞ്ഞു. നിലവിലുള്ള നിക്ഷേപകര്‍ - ആല്‍ഫ വേവ് ഗ്ലോബല്‍, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ആര്‍ക്ക് ഇംപാക്റ്റ്, പ്രോസസ് എന്നിവയും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.
സ്വിഗ്ഗിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇന്‍സ്റ്റാമാര്‍ട്ട് അടുത്ത മൂന്ന് പാദങ്ങളില്‍ വാര്‍ഷിക മൊത്ത വ്യാപാര മൂല്യമായ 1 ബില്യണ്‍ ഡോളറിലെത്താനുള്ള പാതയിലാണെന്ന് കമ്പനി അറിയിച്ചു. കൊറോണ വൈറസ് ആരംഭിച്ചതിനുശേഷം ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ ഭക്ഷണത്തിന്റെയും പലചരക്ക് സാധനങ്ങളുടെയും വിതരണത്തിനുള്ള ആവശ്യം ത്വരിതഗതിയിലായി. ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ലക്ഷ്യം കമ്പനികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഏകദേശം ഒരു വര്‍ഷത്തിന് ശേഷം സൊമാറ്റോയെ പിന്തുടര്‍ന്ന് സ്വിഗ്ഗിയും ഒരു പ്രാഥമിക പൊതു ഓഫറുമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈയില്‍ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിലുള്ള ധനസമാഹരണത്തിലൂടെ സ്വിഗ്ഗി 1.25 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 5.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ മൂല്യം ഏകദേശം ഇരട്ടിയായി.