സ്വിഗ്ഗിയുടെ നേതൃത്വത്തില്‍ 180 മില്യണ്‍ ഡോളര്‍ സമാഹരിച്ച് റാപിഡോ

April 18, 2022 |
|
News

                  സ്വിഗ്ഗിയുടെ നേതൃത്വത്തില്‍ 180 മില്യണ്‍ ഡോളര്‍ സമാഹരിച്ച് റാപിഡോ

ന്യൂഡല്‍ഹി: സ്വിഗ്ഗിയുടെ നേതൃത്വത്തിലുള്ള സീരീസ്-ഡി റൗണ്ട് ഫണ്ടിംഗില്‍ 180 മില്യണ്‍ ഡോളര്‍ (1,370 കോടിയിലധികം രൂപ) സമാഹരിച്ചതായി ബൈക്ക് ടാക്സി പ്ലാറ്റ്‌ഫോമായ റാപിഡോ. നിലവിലെ നിക്ഷേപകരായ വെസ്റ്റ്ബ്രിഡ്ജ്, ഷെല്‍ വെഞ്ചേഴ്‌സ്, നെക്‌സസ് വെഞ്ച്വേഴ്‌സ് എന്നിവയ്‌ക്കൊപ്പം ടിവിഎസ് മോട്ടോര്‍ കമ്പനിയും നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തിരുന്നു.

ടെക്‌നോളജി വികസിപ്പിക്കാനും, വൈവിധ്യമാര്‍ന്ന കഴിവുകളിലൂടെ ടീമുകളെ ശക്തിപ്പെടുത്താനും, മൊത്തത്തിലുള്ള വിതരണം വര്‍ധിപ്പിക്കാനും, മെട്രോ നഗരങ്ങള്‍ക്കു പുറമേ ടയര്‍-1,2,3 നഗരങ്ങളിലേക്ക് കൂടി ഉപഭോക്തൃ അടിത്തറ വളര്‍ത്താനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തുടനീളം ബിസിനസ് വ്യാപിപ്പിക്കുന്നതിനും, ബിസിനസിന്റെ നട്ടെല്ലായ ഡ്രൈവര്‍മാരുടെയും ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും സ്വിഗ്ഗിയില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് റാപിഡോ സഹസ്ഥാപകന്‍ അരവിന്ദ് സങ്ക പറഞ്ഞു.

കൂടാതെ, ഇലക്ട്രോണിക് വാഹനങ്ങളെക്കുറിച്ചും, ഗതാഗതത്തിന്റെ ഭാവിയെക്കുറിച്ചും വളരെയധികം അറിവുള്ള ടിവിഎസ് മോട്ടോര്‍ കൂടുതല്‍ വിപുലീകരണത്തിന് ഞങ്ങളെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍ അവസരങ്ങളിലൂടെയും, ഉയര്‍ന്ന വരുമാനത്തിലൂടെയും ഡ്രൈവര്‍മാരെ ശാക്തീകരിക്കുന്ന ഒരു ലോജിസ്റ്റിക് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതിനുള്ള കാഴ്ചപ്പാടാണ് സ്വിഗ്ഗിയും റാപിഡോയും പങ്കിടുന്നതെന്ന് സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു. മുമ്പ്, റാപിഡോ വിവിധ നിക്ഷേപകരില്‍ നിന്ന് 130 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു. നിലവില്‍ 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളും, 1.5 ദശലക്ഷത്തിലധികം ഡ്രൈവര്‍മാരുമായി 100 നഗരങ്ങളില്‍ റാപിഡോ നിലവിലുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved