
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 1,100 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഓണ്‍ലൈനായി മദ്യ വില്‍പ്പന ആരംഭിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗി. ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ നിന്ന് ആവശ്യമായ അംഗീകാരങ്ങള്‍ നേടിയതിന് ശേഷം റാഞ്ചിയില്‍ ഈ സേവനം ആരംഭിച്ചുവെന്ന് സ്വിഗ്ഗി പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സേവനം ആരംഭിക്കും.
മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിക്കുന്നതിന് സ്വിഗി മദ്യത്തിന്റെ ഹോം ഡെലിവറിക്ക് പിന്തുണ നല്‍കുന്നതിനായി ഒന്നിലധികം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വരികയാണ്. സുരക്ഷിതമായി മദ്യം വിതരണം ചെയ്യുന്നതിനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡെലിവറികള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ബന്ധിത പ്രായ പരിശോധന, ഉപയോക്തൃ പ്രാമാണീകരണം എന്നിവ പോലുള്ള നടപടികള്‍ സ്വിഗ്ഗി അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് അവരുടെ സാധുവായ സര്‍ക്കാര്‍ ഐഡിയുടെ ചിത്രം അപ്ലോഡുചെയ്യുന്നതിലൂടെ അവരുടെ തല്‍ക്ഷണ പ്രായ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും. തുടര്‍ന്ന് ഒരു എഐ-പവര്‍ഡ് സിസ്റ്റം ഉപയോഗിച്ചുള്ള പ്രാമാണീകരണത്തിനായി ഒരു സെല്‍ഫിയും നല്‍കണം. എല്ലാ ഓര്‍ഡറുകളിലും ഡെലിവറി സമയത്ത് ഉപഭോക്താവ് നല്‍കേണ്ട ഒരു ഒടിപി നമ്പറും ഉണ്ടാകും. സംസ്ഥാന നിയമപ്രകാരം ഒരു ഉപഭോക്താവ് നിര്‍ദ്ദിഷ്ട പരിധിക്ക് മുകളില്‍ മദ്യം ഓര്‍ഡര്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ചില പരിധികളും നിശ്ചയിച്ചിട്ടുണ്ട്.
ഈ സേവനം ലഭിക്കുന്നതിന്, റാഞ്ചിയിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വിഗ്ഗി ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ 'വൈന്‍ ഷോപ്പുകള്‍' എന്ന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ രീതിയില്‍ ഹോം ഡെലിവറി പ്രാപ്തമാക്കുന്നതിലൂടെ, ചില്ലറ വില്‍പ്പന ശാലകളിലെ തിരക്ക് പരിഹരിക്കാനും അതുവഴി സാമൂഹിക അകലം പാലിക്കാനും കഴിയുമെന്ന് സ്വിഗി പ്രൊഡക്ട്‌സ് വിപി അനുജ് രതി പറഞ്ഞു.
ഓര്‍ഡറുകള്‍ സുഗമമായി നടപ്പിലാക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ഡെലിവറി പങ്കാളികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ മികച്ച ശുചിത്വ നടപടികളെക്കുറിച്ച് സ്വിഗ്ഗി ഡെലിവറി പങ്കാളികളെ നിരന്തരം ബോധവത്കരിക്കുകയും അവര്‍ക്ക് മാസ്‌കുകളും സാനിറ്റൈസറുകളും നല്‍കുകയും ചെയ്യുന്നുണ്ട്.