ഡോളറും രൂപയും അടക്കമുള്ള വിദേശ കറന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍

November 04, 2021 |
|
News

                  ഡോളറും രൂപയും അടക്കമുള്ള വിദേശ കറന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍

കാബൂള്‍: സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും ദാരിദ്ര്യവും അഫ്ഗാനില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. അഫ്ഗാനിലെ മിലിട്ടറി ആശുപത്രിയില്‍ രണ്ട് സ്‌ഫോടനങ്ങളും വെടിവെപ്പുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. 25 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. ഈ അക്രമ സംഭവത്തിന് പിന്നാലെ ജനത്തിന്റെ കറന്‍സി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാന്‍.

സ്വന്തം രാജ്യത്തെ കറന്‍സി തന്നെ ഉപയോഗിക്കാനാണ് അഫ്ഗാനിലെ ജനങ്ങളോട് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുന്നതിനും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുമാണ് ഈ ഉത്തരവെന്നാണ് അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരിന്റെ വിശദീകരണം. ജനങ്ങള്‍ പണമില്ലാതെ നട്ടംതിരിയാന്‍ തുടങ്ങുമ്പോഴാണ്, അവരുടെ പക്കലുള്ള ഡോളറും പാക്കിസ്ഥാന്‍ രൂപയും അടക്കമുള്ള വിദേശ കറന്‍സികള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരിക്കുന്നത്.

കടുത്ത പ്രതിസന്ധി ജനങ്ങളുടെ കൂട്ടപ്പലായനത്തിലേക്കും പട്ടിണി മരണങ്ങളിലേക്കും നയിക്കുമെന്നാണ് കരുതപ്പെടുന്നത്. താലിബാന്‍ അന്താരാഷ്ട്ര തലത്തില്‍ പണത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഫ്രീസായി കിടക്കുന്ന അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റേതായ റിസര്‍വ് ഫണ്ടുകള്‍ തിരികെ വേണമെന്നാണ് ആവശ്യം.

യൂറോപ്പിലും അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിലുമാണ് അഫ്ഗാന്റെ പണം കിടക്കുന്നത്. എന്നാല്‍ താലിബാന്‍ ഭരണം പിടിച്ചതോടെ ഈ പണത്തിന്റെ ക്രയവിക്രയം മരവിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ മനുഷ്യര്‍ പട്ടിണിക്കിരയായി മരിക്കുന്നത് കാണാന്‍ വിദേശശക്തികള്‍ക്ക് ആഗ്രഹമില്ലെങ്കിലും താലിബാനെ അംഗീകരിക്കാനാവാത്തതാണ് പ്രധാന പ്രശ്‌നം.

Related Articles

© 2024 Financial Views. All Rights Reserved