മൂലധനച്ചെലവ് ചുരുക്കി പണം സംരക്ഷിക്കണമെന്ന് ടാറ്റാ ​ഗ്രൂപ്പ്

April 11, 2020 |
|
News

                  മൂലധനച്ചെലവ് ചുരുക്കി പണം സംരക്ഷിക്കണമെന്ന് ടാറ്റാ ​ഗ്രൂപ്പ്

നിലവിലെ കൊവിഡ് 19 പ്രതിസന്ധിക്കിടെ, ആവശ്യമായ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി ടാറ്റാ സണ്‍സ്, തങ്ങളുടെ എല്ലാ ഗ്രൂപ്പ് കമ്പനികളുടെയും അവലോകനം നടത്തി. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയായ ടാറ്റ ഗ്രൂപ്പ്, എല്ലാ ഓപ്പറേറ്റിംഗ് കമ്പനികളുടെയും സിഇഒമാരോട് മൂലധനച്ചെലവ് മന്ദഗതിയിലാക്കാനും പകര്‍ച്ചവ്യാധിയുടെ സ്വാധീനം കണക്കിലെടുത്ത് മൂന്ന് മുതല്‍ ആറു മാസം വരെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചു.

2020-21 കാലയളവിൽ പണം സംരക്ഷിക്കുകയെന്നത് എല്ലാ ഗ്രൂപ്പ് കമ്പനികള്‍ക്കുമുള്ള തങ്ങളുടെ സന്ദേശമാണെന്ന്, ഇക്കണോമിക് ടൈംസുമായുള്ള പ്രത്യേക ടെലിഫോണിക് അഭിമുഖത്തിനിടെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. കൂടുതല്‍ ചടുതല കാണിക്കാനും ബിസിനസുകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ഡിജിറ്റലൈസേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗ്രൂപ്പ് സിഇഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിര്‍മ്മാണം, ഓട്ടോമൊബൈല്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥയെ അതിവേഗം വളര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ പലിശ രഹിത വായ്പകള്‍/ മൊറട്ടോറിയം എന്നിവയ്‌ക്കൊപ്പം ഭക്ഷ്യ സുരക്ഷയും ലിക്വിഡിറ്റിയും സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആരോഗ്യ രംഗത്തെ ഈ പ്രതിസന്ധി എത്രത്തോളം നിലനില്‍ക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ഏറ്റവും വലിയ വെല്ലുവിളി.

ഉപഭോക്തൃ, ചില്ലറ വില്‍പ്പന എന്നിവയിലൂടെ അവശ്യവസ്തുക്കള്‍ തിരികെ വരും. പക്ഷേ, ആളുകളെ തിരികെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉത്തേജനം അത്യാവശ്യമാണെന്നും ചന്ദ്രശേഖരന്‍ പറയുന്നു. ഗ്രൂപ്പ് കമ്പനികളായ വിസ്താര, ഇന്ത്യന്‍ ഹോട്ടല്‍സ് എന്നിവ വരുമാനത്തില്‍ കടുത്ത സ്വാധീനം ചെലുത്തുമോയെന്ന ചോദ്യത്തിന്, അവരവരുടെ ബിസിനസ് ലാഭകരമാണെന്ന് ഉറപ്പുവരുത്തേണ്ടത് വ്യക്തിഗത സ്ഥാപനങ്ങളാണ് എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. നിലവിലുള്ള പ്രതിസന്ധി വരുമാനത്തെ ഗണ്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, വാര്‍ഷിക പദ്ധതികള്‍ പുനര്‍വിന്യസിക്കാനും ഗ്രൂപ്പ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ സംരംഭം

കൊവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരിന് സഹായിക്കുന്നതിനായി വെന്റിലേറ്റര്‍ നിര്‍മ്മാണം ആരംഭിച്ച ടാറ്റാ ഗ്രൂപ്പ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കും. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ശേഖരിക്കുന്നതിനും മാസ്‌കുകളും സാനിറ്റൈസറുകളും അണുനാശിനികളും നിര്‍മ്മിക്കുന്നതിലും ടാറ്റാ ഗ്രൂപ്പ് ഇതിനകം തന്നെ സഹകരിക്കാന്‍ തുടങ്ങി. ആശുപത്രി കിടക്കകള്‍ തയ്യാറാക്കാനും വെന്റിലേറ്ററുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനും ഗ്രൂപ്പ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍ അകലം

'ഡിജിറ്റല്‍ അകലം' എന്നതാവും പുതിയ ബിസിനസ് മാനദണ്ഡം. പരീക്ഷണാടിസ്ഥാനത്തില്‍ ഡിജറ്റല്‍ നേതൃത്വത്തിലുള്ളതും കോണ്‍ടാക്റ്റ് ഇല്ലാത്തതുമായ വ്യാപാരത്തിന് തുടക്കം കുറിക്കും. വിനോദസഞ്ചാരികളെ ഏതാനും കാലത്തേക്ക് അനുവദിക്കുന്നതിനും രാജ്യങ്ങള്‍ വളരെ ശ്രദ്ധ പതിപ്പിക്കാന്‍ സാധ്യതയുണ്ട്. വിനോദപരമോ ജോലിപരമോ ആയ ആവശ്യങ്ങള്‍ക്കുവേണ്ടി ആളുകള്‍ ആരോഗ്യപരമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവില്ല. അതിനാല്‍ ബിസിനസുമായി ബന്ധപ്പെട്ട യാത്രകള്‍ കൂടുതലും ഡിജിറ്റല്‍ ആയിരിക്കും.

മുന്നോട്ട് പോവുമ്പോള്‍ സുരക്ഷ, വിശ്വാസം, സുതാര്യത തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഭാവിയിലേക്ക് നയിക്കും. ക്രോസ്സ് ബോര്‍ഡര്‍ സോഴ്‌സിംഗിലും ആഭ്യന്തര വിതരണ ശൃംഖലകളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളും അവസരങ്ങള്‍ നല്‍കുന്നു. കമ്പോളത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനും സുസ്ഥിരമായിരിക്കാനും ചടുലമായിരിക്കുകയല്ലാതെ ഇന്നത്തെ ബിസിനിസുകള്‍ക്ക് മറ്റു മാര്‍ഗമില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് അത് ചെയ്യുന്നുണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved