കേരളത്തില്‍ 690 കോടി രൂപയുടെ ഇന്നവേഷന്‍ പാര്‍ക്കുമായി ടിസിഎസ്

September 18, 2021 |
|
News

                  കേരളത്തില്‍ 690 കോടി രൂപയുടെ ഇന്നവേഷന്‍ പാര്‍ക്കുമായി ടിസിഎസ്

ലോകത്തെ പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) കൊച്ചി കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്ത്രി പി.രാജീവിന്റേയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസും ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്പിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഐടി-ഐടിഇഎസ് യൂണിറ്റിനായി 36.84 ഏക്കര്‍ സ്ഥലം ടിസിഎസിന് അനുവദിച്ചുകൊണ്ടുള്ള ധാരണാപത്രത്തില്‍ ആണ് കിന്‍ഫ്രയും ടിസിഎസ് പ്രതിനിധിയും ഒപ്പുവെച്ചത്. പതിനായിരത്തോളം തൊഴിലവസരങ്ങളാണ് ക്യാമ്പസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആകുമ്പോള്‍ പ്രതീക്ഷിക്കുന്നത്. 2023-24ല്‍ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കും.

ഇന്ത്യയിലും ആഗോളതലത്തിലും ഐടി - ഐടിഇഎസ് മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനമാണ് ടിസിഎസ്. 16 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുക. ഐടി കോംപ്‌ളക്‌സിനായി 440 കോടി രൂപയും മറ്റ് അനുബന്ധ വികസനത്തിനായി 250 കോടി രൂപയുമാണ് ടിസിഎസ് വകയിരുത്തിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം ധാരണാപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രമുഖ നിക്ഷേപ പദ്ധതിയാണിത്. പ്രമുഖ ഡിസൈന്‍ ടെക്‌നോളജി സേവനദാതാക്കളായ ടാറ്റാ എല്‍ക്‌സിയുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം 50 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവനും പങ്കെടുത്തു.

Related Articles

© 2025 Financial Views. All Rights Reserved