
മുംബൈ: ആലിബാബ സഹകരണ സംരംഭമായ ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്. 1.3 മില്യണ്‍ ഡോളറിന് ബിഗ്ബാസ്‌കറ്റിന്റെ 80 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ ഉടമ്പടി യാഥാര്‍ത്ഥ്യമായാല്‍ ബിഗ്ബാസ്‌കറ്റിന്റെ മൂല്യം 1.6 മില്യണ്‍ ഡോളറിലേക്ക് ഉയരും.
ബിഗ് ബാസ്‌ക്കറ്റ് ഡോട്ട് കോമിന്റെ ഇന്നൊവേറ്റീവ് റീട്ടെയില്‍ കണ്‍സെപ്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ എത്ര ഓഹരി വാങ്ങാമെന്നത് സംബന്ധിച്ച് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടാറ്റ ഗ്രൂപ്പോ ബിഗ് ബാസ്‌ക്കറ്റോ ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തിനിടെ ഓണ്‍ലൈന്‍, ഇ-കൊമേഴ്സ് മേഖലയിലെ അതിവേഗ വളര്‍ച്ചയുണ്ടായതോടെ വലിയ കമ്പനികളെല്ലാം പ്രാദേശിക തലത്തില്‍ ഓണ്‍ലൈനായി പലചരക്ക് വില്‍പ്പന നടത്തുന്നതില്‍ കേന്ദ്രീകരിച്ചിരുന്നു. ഇന്ത്യയുടെ ഒരു ട്രില്യണ്‍ ഡോളര്‍ റീട്ടെയില്‍ വിപണികളില്‍ പകുതിയോളം പലചരക്ക് വില്‍പ്പനയാണ് നടക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്, ഈ രംഗത്ത് വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് മിക്ക കമ്പനികളും ഇതിനകം മനസ്സിലാക്കിയിട്ടുമുണ്ട്.
ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണിയെ നയിക്കുന്നുണ്ടെങ്കിലും, അവരുടെ ഓണ്‍ലൈന്‍ പലചരക്ക് വിപണി വിപുലീകരിക്കാനുള്ള കഠിന ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രധാന കമ്പനികള്‍ക്ക് ഓണ്‍ലൈനായി പലചരക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ തഴച്ചുവളരാന്‍ പ്രാദേശികമായ ഇടപെടലുകള്‍ നിര്‍ണ്ണായകമായിത്തീരുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞിരുന്നു, കാരണം ഇത് രാജ്യത്തെ നഗരങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.