
ലണ്ടന്‍: ബ്രിട്ടണിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്‍മാറിയേക്കുമെന്ന് സൂചന. സാമ്പത്തിക രക്ഷാപ്രവര്‍ത്തന പാക്കേജില്‍ ബ്രിട്ടീഷ് സര്‍ക്കാരും ടാറ്റ ഗ്രൂപ്പും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് പിന്‍മാറാന്‍ ഗ്രൂപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജാഗ്വാര്‍ ലാന്‍ഡ് റോവറിനായി (ജെഎല്‍ആര്‍) ഒരു തന്ത്രപരമായ പങ്കാളിയെ ഗ്രൂപ്പ് അന്വേഷിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് സ്റ്റീല്‍ പ്ലാന്റിലെ ഓഹരികളും വില്‍ക്കാന്‍ ടാറ്റ ആലോചിക്കുന്നതായാണ് സൂചന.
രണ്ട് കമ്പനികളുടെയും യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍ അവരുടെ മാതൃ കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്, ഗ്രൂപ്പിന് ഉടന്‍ ഒരു പരിഹാരമാര്‍ഗ്ഗം കണ്ടെത്തേണ്ടി വരുമെന്നും അതിന്റെ പ്രതികരണം വൈകിപ്പിക്കാനാവില്ലെന്നും ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സ്റ്റീലിന്റെയും മുന്‍ ഡയറക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ജെഎല്‍ആറിലെ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാന്‍ ഗ്രൂപ്പ് തയ്യാറായേക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.