
മലേഷ്യന്‍ മള്‍ട്ടിനാഷണല്‍ ലോ കോസ്റ്റ് എയര്‍ലൈനായ എയര്‍ഏഷ്യക്ക് കീഴിലെ എയര്‍ ഏഷ്യ ഇന്ത്യ വിഭാഗം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ക്വാലാലംപൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ആണിത്. എയര്‍ഏഷ്യ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കും എന്നാണ് സൂചന. ദൈര്‍ഘ്യം കുറഞ്ഞ റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന ബജറ്റ് കാരിയറാണ് എയര്‍ ഏഷ്യ. എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ മറ്റ് വിമാനങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര റൂട്ടുകളിലും കുറഞ്ഞ ചെലവില്‍ കാരിയര്‍ സര്‍വീസ് നടത്തിയേക്കും. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ കമ്പനി കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര സര്‍വീസുകളും ലഭ്യമാക്കിയേക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 വിമാനങ്ങളും എയര്‍ ഏഷ്യ ഇന്ത്യ എയര്‍ബസ് 320 വിമാനങ്ങളുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ലോകോസ്റ്റ് കാരിയറുകള്‍ ഉപയോഗിക്കുന്ന റിസര്‍വേഷന്‍ സംവിധാനമാണ് എയര്‍ഏഷ്യക്കുള്ളത്. ഇതേ റിസര്‍വേഷന്‍ സംവിധാനം എയര്‍ ഇന്ത്യ എക്‌സ്പ്രസും നടപ്പാക്കിയേക്കും. സമാനമായ സേവനങ്ങള്‍ തന്നെയാകും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുക.
മലേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് എയര്‍ഏഷ്യ. ഗ്രൂപ്പിന് കീഴില്‍ 25 രാജ്യങ്ങളിലായി 165 ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ സര്‍വീസുകള്‍ ഉണ്ട്.. കൊവിഡ് കാലത്തും എയര്‍ ഏഷ്യ എയര്‍ലൈനുകള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നേടിയിരുന്നു. ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ചെലവുള്ള എയര്‍ലൈനുകളില്‍ ഒന്നു കൂടെയാണിത്.
ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് ശേഷമുള്ള നവീകരിച്ച പുതിയ സര്‍വീസുകള്‍ ജനുവരി ആദ്യത്തോടെ ആരംഭിച്ചേക്കും. 68 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് തിരിച്ചെത്തിയത്. കടക്കെണിയിലായ എയര്‍ ഇന്ത്യക്ക് വേണ്ടി എയര്‍ലൈന്‍ ഉടമസ്ഥാരായിരുന്ന ടാറ്റ ഗ്രൂപ്പ് തന്നെ ഏറ്റവും വലിയ ലേല തുക സമര്‍പ്പിക്കുകയായിരുന്നു. 18,000 കോടി രൂപയാണ് ടാറ്റ നല്‍കിയത്.
ഏറ്റെടുക്കലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റ സ്വന്തമാക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഓഹരികള്‍ ആദ്യം വിട്ടു നല്‍കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും ലേലത്തിന് ആരെയും ലഭിക്കാത്തതിനാല്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു . ഏകദേശം 6,000 കോടി രൂപയോളമായിരുന്നു എയര്‍ ഇന്ത്യയുടെ കടം. ടാറ്റ ഏറ്റടുത്തതോടെ എയര്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ നവീകരിച്ചേക്കും എന്നാണ് സൂചന.