
പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഓഹരികള്‍ വാങ്ങുന്നതിനായി നിക്ഷേപകരുമായി ചര്‍ച്ച നടത്തി ടാറ്റ ഗ്രൂപ്പ്. റീട്ടെയില്‍ ഭീമന്മാരായ ആമസോണ്‍ ഡോട്ട് കോം, കോടീശ്വരനായ മുകേഷ് അംബാനി എന്നിവരൊക്കെ രാജ്യത്തെ പുതിയ ഇ കൊമേഴ്‌സ് ബിസിനസില്‍ കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. 113 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ സണ്‍സ് ആഗോള സാങ്കേതിക കമ്പനികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ കൊണ്ടുവരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉപദേശകരുമായി ചര്‍ച്ച നടത്തി വരികയാണ്. വിവിധ ടാറ്റ ബിസിനസ്സുകളിലുടനീളം ഡിജിറ്റല്‍ ആസ്തികള്‍ ഒരുമിച്ച് കൊണ്ടുവന്ന് പുതിയ എന്റിറ്റി സൃഷ്ടിക്കാനാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നത്.
ടാറ്റയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കമ്പനിയുടെ പാനീയങ്ങള്‍ മുതല്‍ ആഭരണങ്ങള്‍, റിസോര്‍ട്ടുകള്‍ വരെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഒറ്റ ഇ-കൊമേഴ്സ് ഗേറ്റ്വേയാണ് കമ്പനി ഉദ്ദേശിക്കുന്നത്. അംബാനി, ആമസോണ്‍.കോം, വാള്‍മാര്‍ട്ട് ഇന്‍കോര്‍പ്പറേഷന്റെ ഇന്ത്യന്‍ സംരംഭമായ ഫ്‌ലിപ്കാര്‍ട്ട് എന്നിവയുമായി മത്സരിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഒരു ബില്യണിലധികം ഉപഭോക്താക്കളുടെ പുതിയ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായ അംബാനി ഡിജിറ്റല്‍ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനായി ഫേസ്ബുക്ക് ഇങ്ക്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെയുള്ള വന്‍കിട പങ്കാളികളില്‍ നിന്ന് 20 ബില്യണ്‍ ഡോളറിലധികം സമാഹരിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള നിക്ഷേപകരെ കൊണ്ടുവരുന്നത് ടാറ്റയുടെ ഡിജിറ്റല്‍ അഭിലാഷങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുമെങ്കിലും, കൊറോണ വൈറസ് മഹാമാരി പ്രധാന ബിസിനസുകളെ ബാധിച്ചതോടെയുള്ള കടം തീര്‍ക്കാന്‍ ഇത് ഗ്രൂപ്പിനെ സഹായിക്കും.
ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ ഗ്രൂപ്പ് അറ്റ കടം ജൂണ്‍ 30 വരെ 14 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ മൊത്തം ഓട്ടോമോട്ടീവ് കടം 480 ബില്യണ്‍ രൂപ (6.5 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ടാറ്റാ ഗ്രൂപ്പിന് ഇതിനകം തന്നെ നിരവധി ഉപഭോക്തൃ ബിസിനസുകള്‍ ഉണ്ട്, അവയില്‍ പലതിലും ഒരു ഓണ്‍ലൈന്‍ സാന്നിധ്യവുമുണ്ട്. തനിഷ്‌കിന്റെ ജ്വല്ലറി സ്റ്റോറുകള്‍, ടൈറ്റന്‍ വാച്ച് ഷോറൂമുകള്‍, സ്റ്റാര്‍ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, താജ് ഹോട്ടലുകളുടെ ശൃംഖല, ഇന്ത്യയിലെ സ്റ്റാര്‍ബക്കുകളുമായി സംയുക്ത സംരംഭം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ വിഘടിച്ച ഈ വെബ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2020 അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ സണ്‍സ് ചെയര്‍മാനും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ ദീര്‍ഘകാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നടരാജന്‍ ചന്ദ്രശേഖരന്‍ ആണ് ഗ്രൂപ്പിന്റെ ഡിജിറ്റൈസേഷന്‍ ഡ്രൈവില്‍ മുന്നിട്ടുനില്‍ക്കുന്നത്. ടാറ്റ ഡിജിറ്റലിന്റെ തലവന്‍ പ്രതിക് പാലിനാണ് ഓള്‍-ഇന്‍-വണ്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാനുള്ള ചുമതല.