എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന-സേവന നിലവാരം ഉയര്‍ത്താന്‍ 100 ദിന കര്‍മപരിപാടിയുമായി ടാറ്റ ഗ്രൂപ്പ്

December 06, 2021 |
|
News

                  എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന-സേവന നിലവാരം ഉയര്‍ത്താന്‍ 100 ദിന കര്‍മപരിപാടിയുമായി ടാറ്റ ഗ്രൂപ്പ്

സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കിയ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന-സേവന നിലവാരം ഉയര്‍ത്താന്‍ നൂറുദിന കര്‍മപരിപാടിയുമായി ടാറ്റ ഗ്രൂപ്പ്. ഡെല്‍റ്റ മുന്‍ പ്രസിഡന്റ് ഫ്രെഡ് റീഡ് ചീഫ് എക്സിക്യൂട്ടീവ് ആയി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. പ്രകടനം മെച്ചപ്പെടുത്തുകയും, ഉപഭോക്താക്കളുടെ പരാതികളും കാള്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയിലൂടെ നടപ്പാക്കുക എന്നതാണ് ലക്ഷ്യം.

അടിസ്ഥാന സേവന നിലവാരം ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ സേവനങ്ങളും മറ്റും നവീകരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ടാറ്റ ഗ്രൂപ്പ് മെച്ചപ്പെട്ട സേവനം നല്‍കുന്നത് മറ്റ് വിമാനകമ്പനികളെയും നവീകരണത്തിന് പ്രേരിപ്പിക്കും. കടുത്ത മത്സരം ഈ മേഖലയിലുണ്ടാവുന്നതിലൂടെ ഉപഭോക്താവിന് മികച്ച സേവനം ലഭ്യമാകാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയര്‍ ഇന്ത്യയുടെയും അതിനു കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവന്‍ ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനിയായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. ജനുവരി അവസാനത്തോടെ ഈ കമ്പനികള്‍ സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് കൈമാറും. ഡയറക്്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കണക്കനുസരിച്ച് എയര്‍ ഇന്ത്യയാണ് യാത്രക്കാരുടെ പരാതികളുടെ കാര്യത്തില്‍ മുന്നില്‍. മാത്രമല്ല, കൃത്യസമയത്ത് വിമാനം പറത്തുന്ന കാര്യത്തിലും പിന്നിലാണ് എയര്‍ ഇന്ത്യ.

എന്നാല്‍ ടാറ്റ ഗ്രൂപ്പ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എയര്‍ ഇന്ത്യയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അത് പൂര്‍ത്തിയാവാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനാവില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുന്നതിനു മുന്നോടിയായി എയര്‍ ഏഷ്യ ഇന്ത്യയുടെ 16 ശതമാനം ഓഹരികള്‍ മാതൃകമ്പനിയായ എയര്‍ഏഷ്യ ബെര്‍ഹാദില്‍ നിന്ന് സ്വന്തമാക്കുന്ന നടപടികളുമായി ടാറ്റ ഗ്രൂപ്പ് മുന്നോട്ട് പോകുകയാണ്.

Related Articles

© 2022 Financial Views. All Rights Reserved