രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കാര്‍ പോര്‍ച്ചുമായി ടാറ്റാ മോട്ടോഴ്‌സ്; 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി

June 19, 2021 |
|
News

                  രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കാര്‍ പോര്‍ച്ചുമായി ടാറ്റാ മോട്ടോഴ്‌സ്; 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കാര്‍ പോര്‍ച്ചുമായി ടാറ്റാ മോട്ടോഴ്‌സ്. 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കൂറ്റന്‍ സൗരോര്‍ജ കാര്‍പോര്‍ച്ച് ടാറ്റയുടെ പുണെയിലെ ചിഖാലി ഫാക്ടറിയോട് അനുബന്ധിച്ചാണിത് ഒരുക്കിയിട്ടുള്ളതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ പവറുമായി സഹകരിച്ചാണ് ടാറ്റാ മോട്ടോഴ്‌സ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രിഡുമായി സംയോജിപ്പിച്ചുള്ള രാജ്യത്തെ ഏറ്റവുംവലിയ സോളാര്‍ കാര്‍ പോര്‍ച്ചാണ് ഇതെന്ന് കമ്പനി പറയുന്നു. 

6.2 മെഗാവാട്ട് ശേഷിയുള്ള ഇവിടെ വര്‍ഷം 86.4 ലക്ഷം കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി പ്രതിവര്‍ഷം 7,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 30,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വ്യാപിച്ചുകിടക്കുന്ന ഈ കാര്‍പോര്‍ച്ച് ഹരിത വൈദ്യുതി ഉല്‍പാദിപ്പിക്കുക മാത്രമല്ല, പ്ലാന്റിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാറുകള്‍ക്ക് കവര്‍ പാര്‍ക്കിംഗ് സൌകര്യം നല്‍കുകയും ചെയ്യും.

2039 ലെ മൊത്തം സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് 2020 ഓഗസ്റ്റില്‍ ടാറ്റാ പവറുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കൊവിഡ് 19 ന്റെ വെല്ലുവിളികള്‍ക്കിടയിലും വെറും ഒമ്പത് മാസങ്ങള്‍ക്കകം ഇരു കമ്പനികളും ചേര്‍ന്ന് ഈ കാര്‍പോര്‍ച്ച് വികസപ്പിച്ചെടുക്കുകയായിരുന്നു.

ഊര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്പനി എല്ലായ്‌പ്പോഴും ബോധവാന്മാരാണെന്ന് ടാറ്റ മോട്ടോഴ്സിലെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും 100% പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സ് കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. വണ്‍ ടാറ്റ സംരംഭമെന്ന നിലയില്‍, ടാറ്റ മോട്ടോഴ്സുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ച്ച് സ്ഥാപിച്ചതില്‍ അഭിമാനിക്കുന്നതായി ടാറ്റ പവര്‍ സിഇഒയും എംഡിയും പ്രവീര്‍ സിന്‍ഹ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved