
മുംബൈ : രാജ്യത്തെ യാത്രാവാഹന വില്‍പ്പനയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ്. 2020 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് ടാറ്റയുടെ ഈ നേട്ടം. മാരുതിക്കും ഹ്യുണ്ടായ് മോട്ടോഴ്സിനും പിന്നില്‍ മഹീന്ദ്രയെക്കാള്‍ 4,900 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ മോട്ടോഴ്സ് മൂന്നാം സ്ഥാനത്തെത്തിയത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി വില്‍പ്പനയില്‍ ടാറ്റ മൂന്നാം സ്ഥാനത്തെത്തുന്നത്.
14,136 യൂണിറ്റുകളാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഗസ്റ്റിലെ റീട്ടെയ്ല്‍ വില്‍പ്പന. മുന്‍വര്‍ഷം ഇതേ കാലത്ത് ഇത് 10,887 എണ്ണമായിരുന്നു. ജൂലായില്‍ 12,753 വാഹനങ്ങള്‍ നിരത്തിലിറക്കാനും കമ്പനിക്കു കഴിഞ്ഞു. അല്‍ട്രോസ്, നെക്‌സണ്‍ മോഡലുകള്‍ക്ക് ലഭിച്ച ജനപ്രീതിയാണ് മൂന്നാം സ്ഥാനത്തേക്കെത്തിച്ചതെന്നും ഇതുവഴി നടപ്പുസാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 9.5 ശതമാനം വിപണിവിഹിതം സ്വന്തമാക്കാന്‍ കഴിഞ്ഞതായും കമ്പനി പറയുന്നു.
അതേസമയം നിലവിലെ മാര്‍ക്കറ്റ് ഷെയര്‍ നഷ്ടം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് മഹീന്ദ്ര പറയുന്നത്. കമ്പനിയുടെ വിതരണ ശൃംഖലയിലും പുതിയ ഉല്‍പ്പന്ന അവതരണത്തിലും കോവിഡ് 19 സ്വാധീനം ചെലുത്തിയെന്നും ശക്തമായ സാന്നിധ്യവുമായി തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.