
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉടമയുമായ ടാറ്റ മോട്ടോഴ്സ്, സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 314.5 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. എന്നാല്‍, സിഎന്‍ബിസി-ടിവി 18 വോട്ടെടുപ്പ് കണക്കാക്കിയ 1,290 കോടി രൂപയുടെ നഷ്ടത്തോളം എത്തിയില്ലെന്നത് ആശ്വാസകരമാണ്.
2019 സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 216.56 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വാണിജ്യ വാഹനങ്ങളുടെയും ജെഎല്‍ആര്‍ വോള്യങ്ങളുടെയും ഇടിവ് മൂലം കമ്പനിയുടെ ഏകീകൃത വരുമാനം 18.2 ശതമാനം ഇടിഞ്ഞ് 53,530 കോടി രൂപയായി. ''പല രാജ്യങ്ങളിലും രണ്ടാമത്തെ കൊവിഡ് ബാധയുടെ തരംഗം ഉണ്ടാകുമെന്ന ആശങ്കയും മറ്റ് ഭൗമരാഷ്ട്രീയ അപകടസാധ്യതകളും ഉണ്ടെങ്കിലും, വരും മാസങ്ങളില്‍ ആവശ്യവും വിതരണവും ക്രമേണ വീണ്ടെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ടാറ്റ മോട്ടോഴ്‌സ് ബിഎസ്ഇ ഫയലിംഗില്‍ വ്യക്തമാക്കി.
2021 സാമ്പത്തിക വര്‍ഷത്തില്‍, വാണിജ്യ വാഹന (സിവി) വില്‍പന 56 ശതമാനം ഇടിഞ്ഞ് 38,300 യൂണിറ്റായി. എന്നാല്‍, വാര്‍ഷിക അടിസ്ഥാനത്തില്‍, പാസഞ്ചര്‍ വാഹന വില്‍പ്പന 73 ശതമാനം വര്‍ധിച്ച് 53,500 യൂണിറ്റായി ഉയര്‍ന്നു. തുടര്‍ച്ചയായി ഗണ്യമായ വര്‍ധനവുണ്ടായതായും കമ്പനി അറിയിച്ചു. പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വിഭാഗത്തില്‍ നിന്നുള്ള വരുമാനവും 86.3 ശതമാനം വര്‍ധിച്ചു.
യുകെ ആസ്ഥാനമായുള്ള ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1,13,600 യൂണിറ്റുകള്‍ വിറ്റഴിച്ചു. കോവിഡ് -19 മൂലം വാര്‍ഷിക അടിസ്ഥാനത്തില്‍ 11.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ച്ചയായി 53 ശതമാനം വര്‍ധന നേടാന്‍ കമ്പനിയ്ക്കായി. 4.4 ബില്യണ്‍ പൗണ്ട് വരുമാനമാണ് ജെഎല്‍ആര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത്, ഒന്നാം പാദത്തില്‍ നിന്ന് 52.2 ശതമാനം വര്‍ധന. രണ്ടാം പാദത്തില്‍ 65 ദശലക്ഷം പൗണ്ടാണ് നികുതിക്ക് മുമ്പുള്ള ലാഭമായി (പിബിടി) കമ്പനി നേടിയത്.
മുന്‍ പാദത്തിലെ 413 ദശലക്ഷം പൗണ്ടിന്റെ നഷ്ടത്തില്‍ നിന്നിത് ഗണ്യമായി ഉയര്‍ന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പത്തെ 156 ദശലക്ഷം പൗണ്ടിന്റെ പ്രീ-കോവിഡ് പിബിടിയേക്കാള്‍ കുറവാണിത്. ഈ പാദത്തില്‍ ടാറ്റ മോട്ടോഴ്സ് 669 കോടി രൂപയും ജെഎല്‍ആര്‍ 531 ദശലക്ഷം പൗണ്ടുമാണ് ഉല്‍പ്പന്നങ്ങളിലും സാങ്കേതികവിദ്യയിലും നിക്ഷേപിച്ചത്. ഈ കാലയളവില്‍ ഇരുവരും യഥാക്രമം 2,300 കോടി രൂപയും 463 ദശലക്ഷം പൗണ്ടും പോസിറ്റീവ് പണമൊഴുക്കും രേഖപ്പെടുത്തി.