മാര്‍ക്കോപോളോയില്‍ നിന്നും ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ

December 21, 2020 |
|
News

                  മാര്‍ക്കോപോളോയില്‍ നിന്നും ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ

ലോകത്തെ ഏറ്റവും വലിയ ബസ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് ബ്രസീല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കോപോളോ എസ്എ. 2006 -ലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് മാര്‍ക്കോപോളോയുമായി സഹകരിച്ച് 'ടാറ്റ മാര്‍ക്കാപോളോ മോട്ടോര്‍സ്' എന്ന പുതിയ ബസ് നിര്‍മ്മാണ സംരംഭത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ചത്. കൂട്ടുകെട്ടില്‍ 51 ശതമാനം വിഹിതം ടാറ്റയും 49 ശതമാനം വിഹിതം മാര്‍ക്കോപോളയും പങ്കിട്ടു. 14 വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കാളിയായ മാര്‍ക്കോപോളോയില്‍ നിന്നും ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കുകയാണ് ടാറ്റ.

ടാറ്റ മാര്‍ക്കോപോളോ മോട്ടോര്‍സ് ലിമിറ്റഡില്‍ (ടിഎംഎംഎല്‍) ബ്രസീലിയന്‍ കമ്പനിയുടെ 49 ശതമാനം ഓഹരിയും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാശുകൊടുത്തു വാങ്ങും. 100 കോടി രൂപയുടേതാണ് കരാര്‍. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ടാറ്റ മോട്ടോര്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായി ടിഎംഎംഎല്‍ മാറും. 10 രൂപ മുഖവിലയുള്ള 8.33 കോടി ഓഹരികളാണ് മാര്‍ക്കോപോളോയില്‍ നിന്നും ടാറ്റ മോട്ടോര്‍സ് വാങ്ങാനൊരുങ്ങുന്നത്. 2021 ഫെബ്രുവരി 28 -ന് നിര്‍ദ്ദിഷ്ട ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന. ബസ് നിര്‍മ്മാണത്തിന് നിലവില്‍ ഉപയോഗിക്കുന്ന എല്ലാ ടെക്നോളജിയുടെയും അവകാശം ടാറ്റ മാര്‍ക്കോപോളോ മോട്ടോര്‍സ് ലിമിറ്റഡിനൊപ്പമായിരിക്കുമെന്ന് പ്രസ്താവനയില്‍ ടാറ്റ അറിയിച്ചു. കുറഞ്ഞത് മൂന്നുവര്‍ഷം വരെ മാര്‍ക്കോപോളോ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാനുള്ള അനുവാദവും ടിഎംഎംഎല്ലിനുണ്ട്.

ഏറ്റെടുക്കല്‍ ടിഎംഎംഎല്ലിന്റെ പ്രവര്‍ത്തനങ്ങളെയും വില്‍പ്പനയെയും ഒരുതരത്തിലും ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. ദില്ലി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതത്തിനായി 'ലോ ഫ്ളോര്‍' ബസുകള്‍ അവതരിപ്പിച്ച ആദ്യ കമ്പനിയാണ് ടാറ്റ മോര്‍ക്കോപോളോ മോട്ടോര്‍സ്. ധാര്‍വാഡ്, ലഖ്നൗ എന്നിവടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണശാലയുണ്ട്. സ്റ്റാര്‍ബസ്, സ്റ്റാര്‍ബസ് അള്‍ട്രാ ബസ് ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് ടിഎംഎംഎല്‍ ബസുകള്‍ വിപണിയിലെത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved