അംബാനിയും ടാറ്റയും നേര്‍ക്കുനേര്‍; ബിഗ് ബാസ്‌ക്കറ്റിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയതായി ടാറ്റ

May 28, 2021 |
|
News

                  അംബാനിയും ടാറ്റയും നേര്‍ക്കുനേര്‍; ബിഗ് ബാസ്‌ക്കറ്റിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയതായി ടാറ്റ

ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പായ ബിഗ് ബാസ്‌ക്കറ്റിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയതായി ടാറ്റ ഡിജിറ്റല്‍ പ്രഖ്യാപിച്ചതോടെ അംബാനിയും ടാറ്റയും നേര്‍ക്ക് നേര്‍ നിന്ന് പോരാടുമെന്ന് തീര്‍ച്ച. ഇന്ത്യയിലെ വലിയ ബിസിനസ് കുടുംബങ്ങളിലൊന്ന് പുതു തലമുറ ഇ-കൊമേഴ്‌സ് സംരംഭങ്ങളെയും നേരിടാന്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ബിഗ് ബാസ്‌ക്കറ്റിലൂടെ റിലയന്‍സിന്റെ ജിയോമാര്‍ട്ടിന്റെ സ്വപ്നങ്ങളെയാകും ടാറ്റ പ്രതിരോധിക്കുക.

ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെയുള്ള മേഖലകളില്‍ സജീവ സാന്നിധ്യമായ ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ യൂണിറ്റാണ് ടാറ്റ ഡിജിറ്റല്‍. ബിഗ് ബാസ്‌ക്കറ്റിന്റെ ബിസിനസ് ടു ബിസിനസ് വിഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസില്‍ ടാറ്റ 64 ശതമാനം ഓഹരി എടുത്തതായാണ് വിവരം. ബിഗ് ബാസ്‌ക്കറ്റിന്റെ ബോര്‍ഡ് ഈ ഡീലിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബിഗ് ബാസ്‌ക്കറ്റില്‍ പ്രാരംഭ മൂലധനം എന്ന നിലയില്‍ 200 മില്യണ്‍ ഡോളര്‍ ടാറ്റ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടു കൂടി രണ്ട് ബില്യണ്‍ ഡോളറിലേക്ക് ഈ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം ഉയര്‍ന്നു.

ഇതോടുകൂടി ചൈനയുടെ ആലിബാബ ഗ്രൂപ്പും ആക്റ്റിസ് എല്‍എല്‍പിയും എല്ലാം ബെംഗളൂരു കേന്ദ്രമാക്കിയ സ്റ്റാര്‍ട്ടപ്പിലെ നിക്ഷേപ ശ്രേണിയില്‍ നിന്ന് പുറത്തായി. ടാറ്റയും ബിഗ് ബാസ്‌കറ്റും തമ്മിലുള്ള ഇടപാടിന് 2021 ഏപ്രില്‍ അവസാനം കോംപറ്റീഷന്‍ കമ്മീഷണന്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved