
ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ തദ്ദേശീയ എസ്യുവി വീണ്ടും വിപണിയില്‍ തിരിച്ചെത്താന്‍ പോകുന്നു. ടാറ്റ മോട്ടോഴ്സ് 1991 ല്‍ ഇത് ആദ്യമായി പുറത്തിറക്കിയ സിയറ വീണ്ടും അവതരിപ്പിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇലക്ട്രിക് വാഹനമായിട്ടായിരിക്കും (ഇവി) സിയറ എത്തുക. നെക്‌സണ്‍ ഇവിയുടെ വിജയത്തിന് ശേഷം, ഇപ്പോള്‍ ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതുപോലെ തന്നെ പഴയ ബ്രാന്‍ഡുകള്‍ വിപണിയിലേക്ക് തിരികെ കൊണ്ടുവരാനും ശ്രമം നടത്തുകയാണ്. അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് സഫാരി വീണ്ടും പുറത്തിറക്കിയിരുന്നു.
ഇപ്പോള്‍ കമ്പനി ടാറ്റ സിയറ ബ്രാന്‍ഡും വീണ്ടും അവതരിപ്പിക്കാന്‍ പോകുന്നു. ഓട്ടോ എക്സ്പോ 2020-ല്‍ കമ്പനി ഇതിനെ ഒരു കണ്‍സെപ്റ്റ് വാഹനമായി അവതരിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് പതിപ്പില്‍ മാത്രം വരുന്ന ആദ്യത്തെ കാറാണിത്, അതായത് കമ്പനിയുടെ പ്യുവര്‍ ഇലക്ട്രിക് കാറായിരിക്കും ഇത്. ഇതിന്റെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ പതിപ്പ് വരില്ല.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ മോട്ടോഴ്സ് പുതിയ സിഗ്മ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ടാറ്റ സിയറ എത്തുക. ഇപ്പോള്‍ കമ്പനിയുടെ നെക്‌സണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവ പെട്രോള്‍ എഞ്ചിന്‍ പ്ലാറ്റ്ഫോമില്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ സിയറയ്ക്ക് പുതിയ ഡോര്‍ കോമ്പിനേഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം പഴയ ടാറ്റ സിയേറയ്ക്ക് 3 ഡോറുകള്‍ ലഭിച്ചിരുന്നു.
ടാറ്റ സിയാറ എന്ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ 2025ഓടെ ഇത് പൂര്‍ണമായും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ടാറ്റ മോട്ടോഴ്സ് തങ്ങളുടെ കാറുകളുടെ സിഎന്‍ജി മോഡലുകള്‍ ഉടന്‍ പുറത്തിറക്കാന്‍ പോകുന്നു. ടിയാഗോ സിഎന്‍ജിയും ടിഗോര്‍ സിഎന്‍ജിയും ജനുവരി 19ന് വിപണിയിലെത്തും.
1991ല്‍ ആണ് ടാറ്റ സിയാറ അവതരിപ്പിച്ചത്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച വാഹനം എന്ന പ്രത്യേകതയുള്ള സിയറയുടെ ഉല്‍പാദനം 2000ല്‍ ആണ് നിര്‍ത്തിയത്. ടാറ്റയുടെ 207 ട്രക്ക് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെട്ട ഈ എസ്യുവിയെ അക്കാലത്ത് കയറ്റുമതി ചെയ്തിരുന്നു. ടാറ്റ ടെല്‍കോസ്‌പോര്‍ട്ട് എന്ന പേരില്‍ സ്‌പെയിനിലും ഈ വാഹനം ശ്രദ്ധ നേടി.