ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനൊരുങ്ങി ടാറ്റ സണ്‍സ്

February 24, 2022 |
|
News

                  ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനൊരുങ്ങി ടാറ്റ സണ്‍സ്

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം എട്ട് ശതമാനത്തോളം കുറയ്ക്കാനൊരുങ്ങി ടാറ്റ സണ്‍സ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴി ഏകദേശം 2,000 കോടി രൂപ സമാഹരിക്കാനാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷ്യമിടുന്നത്.

താജ് ഗ്രൂപ്പ് ഹോട്ടലുകളുടെ ഓപ്പറേറ്ററായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡില്‍ 41 ശതമാനം ഓഹരികളാണ് ടാറ്റ സണ്‍സിനുള്ളത്. സമാഹരിക്കുന്ന തുക 1,905 കോടി രൂപയുടെ (കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച്) ഏകീകൃത കടം കുറയ്ക്കുന്നതിനാണ് ഉപയോഗിക്കുക. 2025 ഓടെ എല്ലാ കമ്പനികളുടെയും കടം കുറയ്ക്കുക എന്ന ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഐസിഐസിഐ സെക്യൂരിറ്റീസിനെയും ക്രെഡിറ്റ് സ്വിസിനെയും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റിന് വേണ്ടി നിയമിച്ചിട്ടുണ്ട്. 27,088 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് ഇന്ന് 3.64 ശതമാനം ഇടിവോടെ 197.45 (രാവിലെ 10.15) രൂപ ഓഹരി വിലയ്ക്കാണ് വ്യാപാരം നടത്തുന്നത്. നേരത്തെ, കമ്പനിക്ക് 3,110 കോടി രൂപയോളം ഏകീകൃത കടമുണ്ടായിരുന്നെങ്കിലും 2021 മാര്‍ച്ചില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റിലൂടെ കടം 1,905 കോടി രൂപയായി കുറച്ചു.

Related Articles

© 2025 Financial Views. All Rights Reserved