
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സാമ്പത്തികമായി തിരിച്ചടിയേറ്റ തങ്ങളുടെ അഞ്ച് സ്ഥാപനങ്ങളില്‍ ടാറ്റ സണ്‍സ് കൂടുതല്‍ നിക്ഷേപം നടത്തും. ടാറ്റ റിയാല്‍റ്റി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ ഇന്ത്യ, ടാറ്റ ടെലി സര്‍വീസ്, ടാറ്റ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരിക.
ഈ വര്‍ഷം തന്നെ ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ടാറ്റ സണ്‍സ് നിലപാടെടുത്തേ മതിയാകൂ. 2020 -21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ടാറ്റ സണ്‍സിന്റെ ബജറ്റ് പദ്ധതികളെ തന്നെ കൊറോണ വൈറസ് തകിടം മറിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിച്ച 2,375 കോടിക്ക് പുറമെയായിരിക്കും ടാറ്റ റിയാല്‍റ്റിയില്‍ നിക്ഷേപം നടത്തുക.
ടാറ്റ കാപിറ്റലില്‍ 3,500 കോടിയും ടാറ്റ ടെലി സര്‍വീസില്‍ 50,000 കോടിയും 2014 ജനുവരി മുതല്‍ നിക്ഷേപിച്ചിട്ടുണ്ട്. ആരംഭ കാലം മുതല്‍ രണ്ട് കമ്പനികള്‍ക്കും നിക്ഷേപം ലഭിക്കുന്നുണ്ട്. ടാറ്റ റിയാല്‍റ്റി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ 1,320 കോടി നിക്ഷേപിക്കേണ്ടി വരും. കമ്പനിയുടെ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേര്‍സിന്റെ തിരിച്ചടവിന്റെ സമയമായ സാഹചര്യത്തിലാണിത്.