
ടാറ്റാ സ്റ്റീല്‍ യൂറോപ്പില്‍ 3000 ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോളതലത്തില്‍ സ്റ്റീലിന്റെ ലഭ്യത കൂടിയതും യൂറോപ്പില്‍ സ്റ്റീല്‍ ഡിമാന്റിലെ ഇടിവുമാണ് നടപടിയിലേക്ക് നയിക്കുന്നത്. ഓഫീസ് ജീവനക്കാരുടെ എണ്ണമാണ് തങ്ങള്‍ കുറയ്ക്കുന്നതെന്ന് ടാറ്റാ സ്റ്റീല്‍സ് അധികൃതര്‍ വ്യക്തമാക്കി. നെതര്‍ലാന്റിലെ യൂനിറ്റിലെ ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കമ്പനിയുടെ ഭാവി മുമ്പില്‍ കണ്ടാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. നടപടി കമ്പനിയുടെ ഭാവിയിലേക്കുള്ള അനിവാര്യമായ മാറ്റമാണെന്ന് യൂറോപ്പിലെ ടാറ്റാ സ്റ്റീല്‍ സിഇഓ ഹെന്റിക് ആദം വ്യക്തമാക്കി. നേരത്തെ ടാറ്റാ സ്റ്റീല്‍ യൂറോപ്പിലെ സൗത്ത് വേല്‍സിലെയും വോള്‍വര്‍ ഹാംപ്ടണിലെയും തങ്ങളുടെ യൂനിറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു.
ഈ രണ്ട് യൂനിറ്റുകള്‍ കൂടി അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. ആഗോളതലത്തില്‍ പല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തില്‍ ചെലവ് ചുരുക്കി പിടിച്ചുനില്‍ക്കാനാണ് പല ഇന്ത്യന്‍ കമ്പനികളുടെയും തീരുമാനം. ഇന്‍ഫോസിസ് ,കോഗ്നിസെന്റ് അടക്കമുള്ള ഐടി ഭീമന്‍മാരും തങ്ങളുടെ തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം നാല്‍പതിനായിരം പേര്‍ക്കെങ്കിലും വരും വര്‍ഷം ജോലി നഷ്ടമാകുമെന്ന് ഐടി മേഖലയിലെ വിലയിരുത്തലും വന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ യൂറോപ്പ്യന്‍ വിപണിയിലും വില്‍പ്പന ഇടിവാണെന്ന് വ്യക്തമാക്കി ടാറ്റാസ്റ്റീല്‍സും രംഗത്തെത്തിയിരിക്കുന്നത്.