ടാറ്റാ സ്റ്റീല്‍സിന്റെ അറ്റാദായത്തില്‍ 159 ശതമാനം വളര്‍ച്ച; അറ്റാദായം 9,573 കോടി രൂപ

February 05, 2022 |
|
News

                  ടാറ്റാ സ്റ്റീല്‍സിന്റെ അറ്റാദായത്തില്‍ 159 ശതമാനം വളര്‍ച്ച;  അറ്റാദായം 9,573 കോടി രൂപ

2021 ഡിസംബര്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ടാറ്റാ സ്റ്റീല്‍സിന്റെ അറ്റാദായത്തില്‍ 159 ശതമാനത്തിന്റെ വളര്‍ച്ച. 9,573 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ടാറ്റാ സ്റ്റീല്‍സ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,697 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.ആകെ വരുമാനത്തിലും ടാറ്റാ സ്റ്റീല്‍സ് 45 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 41,935 കോടി രൂപയില്‍ നിന്ന് 60,783 കോടിയായി ആണ് വരുമാനം ഉയര്‍ന്നത്.

പലിശ, നികുതി, തേയ്മാനച്ചെലവ്, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള ടാറ്റ സ്റ്റീല്‍സിന്റെ വരുമാനം 15,853 കോടിയാണ്. കഴിഞ്ഞ ഒമ്പത് മാസക്കാലത്ത് 17,376 കോടി രൂപ തിരിച്ചടച്ചതോടെ കമ്പനിയുടെ ആകെ കടവും 72,603 കോടിയായി കുറഞ്ഞു. ടാറ്റാ സ്റ്റീല്‍സിന്റെ യൂറോപ്പിലെ വരുമാനത്തിലും 56 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടത്തി. 2,246 മില്യണ്‍ യൂറോയാണ് കമ്പനിക്ക് യൂറോപ്യന്‍ മേഖലയില്‍ നിന്ന് ലഭിച്ചത്.

സാമ്പത്തിക മേഖലയുടെ തിരിച്ചുവരവും സ്റ്റീല്‍ ഡെലിറി നാല് ശതമാനം വര്‍ധിച്ചതും ടാറ്റയ്ക്ക് നേട്ടമായി. ക്രൂഡ് സ്റ്റീലിന്റെ ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 4 ശതമാനം ഉയര്‍ന്ന് 4.81 മില്യണ്‍ ടണ്ണിലെത്തി. പൊതുമേഖലാ സ്ഥാപനമായ നീലാചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള അനുമതിയും വരും നാളുകളില്‍ ടാറ്റയ്ക്ക് ഗുണം ചെയ്യും. 12,100 കോടിക്കാണ് ടാറ്റ നീലാചലിനെ ഏറ്റെടുക്കുന്നത്. ഒരു മില്യണ്‍ ടണ്‍ ശേഷിയുള്ള പ്ലാന്റും 2,500 ഏക്കര്‍ ഭൂമിയുമാണ് നീലാചല്‍ ഇസ്പാറ്റിലൂടെ ടാറ്റയ്ക്ക് ലഭിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved