ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ടാറ്റ സ്റ്റീല്‍

November 03, 2020 |
|
News

                  ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ടാറ്റ സ്റ്റീല്‍

ന്യൂഡല്‍ഹി: ജീവനക്കാരുടെ ജോലി രീതി പരിഷ്‌ക്കരിച്ച് ഉരുക്ക് വ്യവസായ രംഗത്തെ ഭീമനായ ടാറ്റ സ്റ്റീല്‍. പുതിയ തീരുമാന പ്രകാരം ടാറ്റ സ്റ്റീല്‍ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് തന്നെ ജോലി ചെയ്യാം. ഞായറാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ടാറ്റ സ്റ്റീല്‍ പ്രസ്താവനയില്‍ അറിയിച്ചു. വിശ്വാസത്തിലും ഭാവിയിലെ ഫലത്തിലും അടിസ്ഥാനപ്പെടുത്തിയുളള ഒരു തൊഴില്‍ സംസ്‌ക്കാരത്തിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് ടാറ്റ സ്റ്റീല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജീവനക്കാര്‍ക്ക് കുറേക്കൂടി അയവുളള ജോലി രീതിയാണ് കമ്പനി മുന്നോട്ട് വെയ്ക്കുന്നത്.

പുതിയ രീതി പ്രകാരം ഒരു പ്രത്യേക സ്ഥലത്ത് ആവശ്യമുളള ഉദ്യോഗസ്ഥര്‍ക്ക് പോലും ഒരു വര്‍ഷത്തില്‍ അവര്‍ക്ക് ഇഷ്ടമുളളിടത്തോളം ദിവസങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ടാറ്റ പുതിയ ജോലി രീതി അവതരിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് നിലവില്‍ ജീവനക്കാര്‍ക്ക് ടാറ്റ ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി അവസാനിച്ചതിന് ശേഷവും കമ്പനിയിലെ ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുളള സ്ഥലം തിരഞ്ഞെടുക്കാം. രാജ്യത്തിന്റെ ഏത് ഭാഗത്തും ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കാന്‍ ഇത് വഴി ജീവനക്കാര്‍ക്ക് സാധിക്കും. ഒരു വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി ടാറ്റ നടപ്പിലാക്കുക. ഈ പുതിയ സംവിധാനത്തിന്റെ സ്വീകാര്യതയും ഫലവും ഒരു വര്‍ഷത്തിനപ്പുറം പരിശോധിച്ചതിന് ശേഷമാവും മുന്നോട്ട് കൊണ്ട് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

വരും തലമുറയ്ക്ക് അനുയോജ്യമായ തരത്തിലുളള ഒരു തൊഴില്‍ സംസ്‌ക്കാരം വികസിപ്പിച്ചെടുക്കുക മാത്രമല്ല, മറിച്ച് വിവിധ പ്രദേശങ്ങളിലുളള കമ്പനിയുടെ ജീവനക്കാരുടെ ആവശ്യങ്ങളെ പരിഗണിക്കുക കൂടിയാണ് ടാറ്റ ചെയ്യുന്നതെന്ന് ടാറ്റ സ്റ്റീല്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് വൈസ് പ്രസിഡണ്ടായ സുരേഷ് ദത്ത് ത്രിപാഠി വ്യക്തമാക്കി. ഒരു ഓഫീസില്‍ നിശ്ചിത സമയത്ത് ജോലി ചെയ്യുക എന്നുളള പരമ്പരാഗത തൊഴില്‍ സംസ്‌ക്കാരത്തെ കൊവിഡ് മാറ്റി മറിച്ചിരിക്കുകയാണ് എന്നും ത്രിപാഠി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved