2025ഓടെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം നേടാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്

September 06, 2021 |
|
News

                  2025ഓടെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം നേടാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം നേടാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്. ഇതിന്റെ മുന്നോടിയായി വന്‍ പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത്. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവ ഇലക്ട്രിക് വാഹന വിപണിയിലെത്തിച്ച് ജനപ്രിയമായ ടാറ്റ 2025 ഓടെ 10 ഇവികള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ ആകെ വില്‍പ്പനയില്‍ ഇവികളുടെ പങ്കാളിത്തം 25 ശതമാനമാക്കി ഉയര്‍ത്തുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്‍നിരയിലുള്ളത് ടാറ്റ മോട്ടേഴ്സ് തന്നെയാണ്. 70 ശതമാനത്തോളം പങ്കാളിത്തമാണ് ടാറ്റ മോട്ടോഴ്സിനുള്ളത്. മിക്ക കാര്‍ നിര്‍മാതാക്കളും തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പോലും പുറത്തിറക്കാത്ത സമയത്താണ് ടാറ്റ രണ്ടാമത്തെ ഇവിയായ ടിഗോര്‍ പുറത്തിറക്കിയത്.

'അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നത്,' ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. സബ് കോംപാക്ട് എസ്യുവികളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വലിയ എസ്യുവികളെ ഈ നിരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വാഹനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും അതിനാല്‍ വലിയ ബാറ്ററി പായ്ക്കുകള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി വില കുറയുമ്പോള്‍, അത് വലിയ എസ്യുവി വിഭാഗങ്ങളിലും അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ, രാജ്യത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ടാറ്റയുടെ നെക്സോണ്‍ ഇവിയുടെ 6,000 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved