സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലുമായി ടാറ്റാ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ 1,100 ജീവനക്കാരെ ഒഴിവാക്കും

June 16, 2020 |
|
News

                  സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലുമായി ടാറ്റാ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ 1,100 ജീവനക്കാരെ ഒഴിവാക്കും

കൊറോണ വൈറസ് മഹാമാരി മൂലമുള്ള സാമ്പത്തിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ടാറ്റാ മോട്ടോഴ്‌സ് ആഡംബര യൂണിറ്റിലെ ചെലവ് ചുരുക്കല്‍ ലക്ഷ്യം ഒരു ബില്യണ്‍ പൌണ്ട് (1.26 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ 1,100 ഓളം താല്‍ക്കാലിക ജോലികള്‍ ഒഴിവാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. 2021 മാര്‍ച്ചോടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) യൂണിറ്റില്‍ നിന്ന് 5 ബില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്ന് ടാറ്റാ മോട്ടോഴ്സ് പ്രതീക്ഷിക്കുന്നതായി ടാറ്റാ മോട്ടോഴ്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി.ബി ബാലാജി പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജെഎല്‍ആറിലെ മൂലധനച്ചെലവ് 2.5 ബില്യണ്‍ പൗണ്ടായി കുറയ്ക്കും. മുന്‍ വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 3 ബില്യണ്‍ പൗണ്ടായിരുന്നു ചെലവ്. പണം സംരക്ഷിക്കുന്നതിനും മൂലധനച്ചെലവിന് മുന്‍ഗണന നല്‍കുന്നതും നിക്ഷേപ മേഖലകളെ ശരിയായ മേഖലകളിലേക്ക് നയിക്കുന്നതിലുമാണ് ഇനി ശ്രദ്ധ നല്‍കുന്നതെന്ന് കമ്പനിയുടെ നാലാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം ബാലാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1,100 ഏജന്‍സി ജീവനക്കാരെ ഇത് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെഎല്‍ആര്‍ വക്താവ് പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ എല്ലാ ബിസിനസ്സുകളും അവലോകനം ചെയ്യുകയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ബിസിനസില്‍ 60 ബില്യണ്‍ രൂപ (789 മില്യണ്‍ ഡോളര്‍) ലാഭിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിത്. കൊറോണ വൈറസ് ലോക്ക്‌ഡൌണുകള്‍ വിപണിയില്‍ ഉടനീളം ജെഎല്‍ആര്‍ ഉള്‍പ്പെടെയുള്ള വില്‍പ്പനയെ തകര്‍ത്തതിനാല്‍ ടാറ്റാ തിങ്കളാഴ്ച 98.94 ബില്യണ്‍ രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി.

മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ മൊത്തം വരുമാനം 27.7 ശതമാനം ഇടിഞ്ഞ് 624.93 ബില്യണ്‍ രൂപയായി. ടാറ്റാ മോട്ടോഴ്സിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്ന ജെഎല്‍ആര്‍, കൊറോണ വൈറസ് കാരണം കനത്ത നഷ്ടത്തിലായി. ലാന്‍ഡ് റോവറിന് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്ന ചൈന, യുഎസ് എന്നിവിടങ്ങളിലെല്ലാം മഹാമാരി കനത്ത ആഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2010 മുതല്‍ കമ്പനിയെ നയിച്ച ജെഎല്‍ആറിന്റെ ബോസ് റാല്‍ഫ് സ്പെത്ത് സെപ്റ്റംബറില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തന്റെ സ്ഥാനത്ത് നിന്ന് പിന്മാറും.

Related Articles

© 2025 Financial Views. All Rights Reserved