ടാറ്റ സണ്‍സിന്റെ ബോര്‍ഡംഗങ്ങളിലേക്ക് നോയല്‍ ടാറ്റയും

July 18, 2020 |
|
News

                  ടാറ്റ സണ്‍സിന്റെ ബോര്‍ഡംഗങ്ങളിലേക്ക് നോയല്‍ ടാറ്റയും

രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയും വൈകാതെ ടാറ്റ സണ്‍സിന്റെ ബോര്‍ഡംഗമാകുമെന്നു റിപ്പോര്‍ട്ട്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളുള്ള സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്സ് പ്രതിനിധിയായാകും നോയല്‍ ഭരണ സമിതിയംഗമാകുന്നത്. ട്രസ്റ്റിനു നിലവില്‍ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ഒരു പ്രതിനിധിയേയുള്ളൂ  വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍. 63 കാരനായ നോയലിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗത്തില്‍ ട്രസ്റ്റിയായി നിയമിച്ചത്. ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിക്കെതിരായ പോരാട്ടത്തില്‍ രത്തന്‍ ടാറ്റയെ നോയല്‍ പിന്തുണച്ചിരുന്നു.അര്‍ദ്ധ സഹോദരനെ രത്തന്‍ ടാറ്റ പിന്‍ഗാമിയാക്കുമെന്ന പ്രതീക്ഷ ടാറ്റ ജീവനക്കര്‍ക്കിടയില്‍ ശക്തമാണിപ്പോള്‍.

ടാറ്റ സണ്‍സ് വന്‍ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നതിനിടെയാണ് നോയല്‍ ഉന്നത തലത്തിലേക്കു കടന്നുവരുന്നത്. ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കായി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ശ്രമം. ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍ എന്നിവയിലേക്കുള്‍പ്പെടെയാണ് ഓഹരി വില്‍പ്പനയിലൂടെ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈയിടെ ചേര്‍ന്ന ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം ഇതിനായി തീരുമാനമെടുത്തെന്നാണ് വിവരം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടാറ്റ മോട്ടോര്‍സിന്റെയും ടാറ്റ പവറിന്റെയും വരുമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് അധിക മൂല ധന സമാഹരണത്തിനുള്ള നീക്കം. മാര്‍ച്ച് പാദത്തില്‍ 9894 കോടിയായിരുന്നു ടാറ്റ മോട്ടോര്‍സിന്റെ നഷ്ടം.ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ സെന്നെര്‍ജിയില്‍ 110 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിച്ചതിന് പിന്നാലെ ടാറ്റ പവറിന് തങ്ങളുടെ മൂന്ന് കപ്പലുകള്‍ 212.8 ദശലക്ഷം ഡോളറിന് വില്‍ക്കേണ്ടിവന്നു.

നോയല്‍ ടാറ്റ 2010- 2011 കാലയളവില്‍ ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടറായതിനു പിന്നാലെ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കുന്നുവെന്ന് വ്യാപകമായി വാര്‍ത്തകള്‍ വന്നെങ്കിലും 2011 ല്‍ സൈറസ് മിസ്ട്രിയെയാണ് രത്തന്‍ ടാറ്റ പിന്‍ഗാമിയാക്കിയത്; പിന്നീട് മിസ്ട്രിയെ പുറത്താക്കുകയും ചെയ്തു. ഗ്രൂപ്പിലെ പ്രധാന നിക്ഷേപ കമ്പനിയായ ടാറ്റ സണ്‍സിന് നിലവില്‍ 8 ഡയറക്ടര്‍മാരാണുള്ളത്. എന്‍ ചന്ദ്രശേഖരന്‍ ആണ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍.ഐഎഫ്‌സി മാനേജുമെന്റ് ഗ്രൂപ്പ മുന്‍ അംഗം ഫരീദ ഖംബാട്ട, ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വേണു ശ്രീനിവാസന്‍,  പിരമല്‍- ശ്രീരാം ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരമല്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ റാല്‍ഫ് സ്പെത്ത് , മുന്‍ ടൈറ്റന്‍ സിഇഒ ഭാസ്‌കര്‍ ഭട്ട്,യൂണിലിവറിന്റെ മുന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹരീഷ് മന്‍വാനി,ടാറ്റ സണ്‍സ് ഗ്രൂപ്പ് സി.എഫ്.ഒ സൗരഭ് അഗര്‍വാള്‍ എന്നിവര്‍ ബോര്‍ഡ് അംഗങ്ങളും.

Related Articles

© 2025 Financial Views. All Rights Reserved