
ചൈനയിലെ ഇ-കൊമേഴ്സ് വമ്പന്മാരായ ആലിബാബ-ടെന്‍സെന്റ് ദ്വയങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ത്യയിലും ഇ-കൊമേഴ്സ് പോരാട്ടത്തിന് തയാറെടുക്കുകയാണ് റിലയന്‍സും ടാറ്റ ഗ്രൂപ്പും. ബ്ലൂംബര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ടണ്‍സ് പുതിയ സാമ്പത്തികവും തന്ത്രപരവുമായ നിക്ഷേപകരെ ഇതിനായി എത്തിക്കാനുള്ള ശ്രമത്തിലാണ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്, ഫേസ്ബുക്ക്, ആല്‍ഫബെറ്റ്, സില്‍വര്‍ ലേക്ക് തുടങ്ങിയ ആഗോള കമ്പനികളില്‍ നിന്നായി 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
152 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കോഫി മുതല്‍ കാര്‍ വരെ വിപണിയിലെത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് റീറ്റെയ്ല്‍ വമ്പന്മാരായ വാള്‍മാര്‍ട്ടുമായി കൂട്ടുചേരാനുള്ള ശ്രമത്തിലാണ്. ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, ഇലക്ട്രോണിക്സ് റീറ്റെയല്‍, ഫുഡ്, ഗ്രോസറി, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്നതിനുള്ള സൂപ്പര്‍ ആപ്പില്‍ 25 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
മത്സരത്തില്‍ ഇപ്പോള്‍ റിലയന്‍സിനാണ് മുന്‍തൂക്കം. രാജ്യത്തെ ഏറ്റവും വലിയ റീറ്റെയ്ല്‍ ശൃംഖലയുടെ ഉടമസ്ഥരാണവര്‍. മാത്രമല്ല, 40 കോടി വരിക്കാരുള്ള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കും അവര്‍ക്കുണ്ട്. ഉപഭോക്താക്കളെ നിരന്തരമായി ആകര്‍ഷിക്കുന്നതിനായി എന്തെങ്കിലും കരുതിവെച്ചാലേ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കാനാവൂ.
ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് അവരുടെ ജനകീയമായ ആലിപേ വാലറ്റിലൂടെയും ടെന്‍സന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് മെസേജിംഗ് സേവനങ്ങള്‍ നല്‍കുന്ന വിചാറ്റിലൂടെയുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വാള്‍മാര്‍ട്ടുമായുള്ള കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമായാല്‍ ടാറ്റ ഗ്രൂപ്പിന് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടിന്റെയും പേമെന്റ് സേവന ദാതാക്കളായ ഫോണ്‍പേയുടെയും സേവനങ്ങള്‍ കൂടി ലഭ്യമാകും. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രണ്ട് സൂപ്പര്‍ ആപ്പുകള്‍ക്കുമുള്ള അവസരമുണ്ട്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നത് വലിയ നേട്ടമാണ്.