
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനില്‍ റിട്ടേണ്‍ ഫയല്‍ ചെയതിട്ട് അത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരു തവണ കൂടി അവസരം അനുവദിച്ചു. ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തി സെപ്റ്റംബര്‍ 30നകം റിട്ടേണ്‍ ഫയലിങ് പൂര്‍ത്തിയാക്കാം. ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കിയവര്‍ അത് ഒപ്പിട്ട് അയച്ചു കൊടുക്കാതിരിക്കുകയോ ഫയലിങ് പ്രക്രിയ പൂര്‍ത്തിയാക്കാതിരിക്കുയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
2015-16 മുതല്‍ 2019-20 വരെ ഓണ്‍ലൈനില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുകയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാതിരിക്കുകയും ചെയ്തവര്‍ക്കാണ് അവസരം. ഓണ്‍ലൈനായി ഇതിന് സൗകര്യമുണ്ട്. ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന പാസ് വേഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലിലേയ്ക്ക് പ്രവേശിച്ചോ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാകും. ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട്, എടിഎം എന്നിവവഴിയും ഇത് സാധ്യമാണെന്ന് സിബിഡിടി വ്യക്തമാക്കി.
റിട്ടേണ്‍ നല്‍കി നാലുമാസംവരെ ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ സാധാരണനിലയില്‍ കഴിയും. പരിശോധിച്ച് ഫയലിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഉറപ്പാക്കണം. അല്ലെങ്കില്‍ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയും. ഐടിആര്‍ ഫയല്‍ ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും ഒറ്റത്തവണ തീര്‍പ്പുകല്‍പ്പിക്കല്‍ പ്രയോജനപ്പെടുത്താം. നിലവില്‍ നടപടി നേരിടുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.