
തിരുവനന്തപുരം: നികുതി സമാഹരണം ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് (ജി.എസ്.ടി) പുനഃസംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനം സമ്പന്നമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ദരിദ്രരാണെന്നും ധനബില്ലുകളുടെ ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട നികുതി ഈടാക്കേണ്ടതുണ്ട്. അതിലെ നികുതി വെട്ടിപ്പ് ഒഴിവാക്കാന്‍ ഇടപെടലുണ്ടാകും. പുതിയ മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങള് നിര്‍മിക്കുേമ്പാള്‍ എക്സൈസ് നിയമത്തിലടക്കം മാറ്റം വേണ്ടിവരും. കശുമാങ്ങ ഉള്‍പ്പെടെയുള്ളവയുടെ മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണമാണ് പരിഗണിക്കുന്നത്. പുതിയ സാഹചര്യങ്ങള്‍ നേരിടാന്‍ കഴിയുന്ന നിലയിലേക്ക് വകുപ്പിെന്റ ശാക്തീകരണം ഉറപ്പാക്കും. കേരളത്തിെന്റ ആകെ ആഭ്യന്തര ഉല്പാദനത്തിന് അനുസൃതമായ നികുതി ലഭിക്കുന്നില്ലെന്നതു വലിയ പോരായ്മയാണ്. അതിനു ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
ഇ-വേ ബില്ലിന്റെ മറവില്‍ ചരക്കുകള്‍ മറച്ചുവെച്ച് കടത്തുന്നതിലൂടെ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. ഇതിനു തടയിടാന്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെ ശക്തമാക്കും. ശക്തമായ പരിശോധനയും നടപടിയും ഉറപ്പാക്കും. ഇതിനു നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമാണ്. നീര ഉല്പാദന കമ്പനികളുടെ ബാധ്യതകള്‍ എഴുതിത്തള്ളുന്നത് പ്രായോഗികമല്ല. ഇവരെ സഹായിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയവ പരിഗണിക്കും. നീര വിപണി വിപുലീകരണ സാധ്യത തേടുകയും പ്രചാരണം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍വഴി കാര്‍ഷിക മേഖലയില്‍ മൂലധന നിക്ഷേപം നടത്താനയി പ്രഖ്യാപിച്ച പദ്ധതിയില്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ഒരു സംഘമെങ്കിലും ഉറപ്പാക്കും. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷം കൂടി നീട്ടണമെന്ന് മുമ്പുതന്നെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി കൗണ്‍സിലില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ പരമാവധി സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.