ഇന്ന് മുതല്‍ നികുതി വര്‍ധന; അറിയാം

April 01, 2022 |
|
News

                  ഇന്ന് മുതല്‍ നികുതി വര്‍ധന; അറിയാം

തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് ഹരിത നികുതി വര്‍ധന പ്രാബല്യത്തിലായി. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചെലവുകളും കൂടി. ഭൂമിയുടെ നികുതി കുത്തനെ വര്‍ധിക്കും. ന്യായവിലയില്‍ 10 ശതമാനം വര്‍ധന വന്നതോടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ കുതിച്ചുയരും. ബജറ്റ് നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലായതോടെയാണിത്.

രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി ഒരു ശതമാനം വര്‍ധിച്ചു. 2000 രൂപ വരെ വര്‍ധന. പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി വരും. ലൈറ്റ് വാഹനങ്ങള്‍ 1000 രൂപ, മീഡിയം വാഹനങ്ങള്‍ 1500 രൂപ, ഹെവി വാഹനങ്ങള്‍ 2000 രൂപ, ബൈക്ക് ഒഴികെ മറ്റ് ഡീസല്‍ വാഹനങ്ങള്‍ 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. നാലുചക്രമോ അതിലേറെയോ ഉള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഓരോ അഞ്ച് വര്‍ഷവും 600 രൂപ വീതം. 10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും 200 രൂപ വീതം, 15 വര്‍ഷം കഴിഞ്ഞവക്ക് 300 രൂപ വീതം. പത്ത് വര്‍ഷം കഴിഞ്ഞ മീഡിയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും 300 രൂപ വീതം. 15 വര്‍ഷം കഴിഞ്ഞതിന് 450 രൂപ വീതം. പത്ത് വര്‍ഷം കഴിഞ്ഞ ഹെവി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും 400 രൂപ വീതം. 15 വര്‍ഷം കഴിഞ്ഞതിന് 600 രൂപ വീതം.

വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ചെലവ് കുത്തനെ ഉയരും. ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയായിരുന്നത് 1000 രൂപയായി വര്‍ധിച്ചു. മുച്ചക്ര വാഹനങ്ങളുടേത് 600 ല്‍ നിന്ന് 2500 രൂപയായി. കാറുകളുടേത് 600 ല്‍ നിന്ന് 5000 രൂപയായും ഇറക്കുമതി ചെയ്ത ടൂ വീലറുകളുടേത് 2500ല്‍ നിന്ന് 10000 രൂപയായും ഉയര്‍ന്നു. ഇറക്കുമതി കാറിന്റേത് 5000 ല്‍ നിന്ന് 40000 രൂപയായി. മറ്റ് വാഹനങ്ങളുടേത് 3000 രൂപയില്‍ നിന്ന് 6000 രൂപയായും വര്‍ധിച്ചു (ഇത് കേന്ദ്ര സര്‍ക്കാറാണ് വര്‍ധിപ്പിച്ചത്). മോട്ടോര്‍ വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഈ വര്‍ഷവും തുടരും.

വെള്ളക്കരവും വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും. അഞ്ചുശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷവും അഞ്ചുശതമാനം വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്ക് പ്രകാരം 1000 ലിറ്ററിന് 4.41 രൂപ നല്‍കേണ്ടി വരും. നിലവില്‍ 4.20 രൂപയാണ്. ഗാര്‍ഹികകേതര ഉപഭോക്താക്കള്‍ക്ക് 1000 ലിറ്ററിന്റെ നിരക്ക് 15.75 രൂപയില്‍നിന്ന് 16.54 രൂപ ആയി ഉയരും. വ്യവസായ കണക്ഷനുകള്‍ക്ക് 1000 ലിറ്ററിന് 44.10 രൂപയാവും. മാസം 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം തുടരും. ഭൂമിയുടെ കരം അടക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ കൂടുതല്‍ പണം കരുതണം. എല്ലാ ഭൂമിയുടെയും നികുതി കൂടും.

Read more topics: # Tax,

Related Articles

© 2025 Financial Views. All Rights Reserved