
ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെയായിരുന്നു കേന്ദ്രധനമന്ത്രിയുടെ ബജറ്റ്. നിലവിലെ നികുതി പരിധിക്കുള്ളില്‍ നിന്ന് വരുത്തിയ ചില മാറ്റങ്ങള്‍ മാത്രമാണ് നികുതി ദായകര്‍ക്ക് ബാധകമാകുക. 2.5 ലക്ഷം രൂപയായ അടിസ്ഥാന നികുതി പരിധി മാറ്റമില്ലാതെ തുടരും. കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായതോടെ അടിസ്ഥാന നികുതി പരിധി അഞ്ചുലക്ഷമായെങ്കിലും ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, നികുതി ദായകരെ നിരാശരാക്കുന്നതായിരുന്നു ബജറ്റ് പ്രഖ്യാപനം.
അതേസമയം, ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. ആദായ നികുതി റിട്ടേണ്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പുതുക്കി ഫയല്‍ ചെയ്യാന്‍ ഇനിമുതല്‍ സാധിക്കും. തെറ്റുതിരുത്തി റിട്ടേണ്‍ ഫയല്‍ ചെയ്യാനാണ് സാവകാശം നല്‍കുക. ഡിജിറ്റല്‍ സ്വത്തുക്കളുടെ കൈമാറ്റത്തിന് പുതിയ നികുതി പ്രഖ്യാപനങ്ങളും ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്ന് ലഭിച്ച ആദായത്തിന് 30 ശതമാനമാണ് നികുതി. ഡിജിറ്റല്‍ ആസ്തികള്‍ സമ്മാനമായി ലഭിക്കുന്നതിലും നികുതി ബാധകമാകും. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനമാണ് നികുതി.
സഹകരണ മേഖലയ്ക്കുള്ള കുറഞ്ഞ നികുതി 15 ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. കോര്‍പറേറ്റ് സര്‍ചാര്‍ജും സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ എന്‍പിഎസ് നിക്ഷേപത്തിനുള്ള നികുതി കിഴിവിനുള്ള പരിധി 10ല്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.