വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ടെക്ക് കമ്പനികള്‍; ഈ വര്‍ഷം 60,000 വനിതകള്‍ക്ക് അവസരം

August 05, 2021 |
|
News

                  വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ടെക്ക് കമ്പനികള്‍; ഈ വര്‍ഷം 60,000 വനിതകള്‍ക്ക് അവസരം

തങ്ങളുടെ ജീവനക്കാരിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ടെക്ക് കമ്പനികള്‍. ഇതിന്റെ ഭാഗമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവ ഈ വര്‍ഷം 60,000 വനിതകളെ നിയമിക്കാനൊരുങ്ങുകയാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മുന്‍നിര ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ ഈ വര്‍ഷം എന്‍ട്രി ലെവല്‍ റോളുകളില്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്ന വനിതകളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം എച്ച്‌സിഎല്‍ കാമ്പസുകളില്‍നിന്ന് നിയമിക്കുന്ന പുതിയ ജീവനക്കാരില്‍ 60 ശതമാനവും വനിതകളായിരിക്കും. എന്‍ട്രി ലെവല്‍ റിക്രൂട്ട്മെന്റില്‍ പകുതിയും വനിതകളെ നിയമിക്കാനാണ് വിപ്രോയും ഇന്‍ഫോസിസും ഒരുങ്ങുന്നത്. ടിസിഎസില്‍, ഇത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലേതുപോലെ 38-45 ശതമാനമായിരിക്കാം. കഴിഞ്ഞ വര്‍ഷങ്ങളിലായി ഈ കമ്പനികളെല്ലാം ക്രമേണ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, എച്ച്സിഎല്‍ എന്‍ട്രി തലത്തില്‍ നിയമിച്ച 40 ശതമാനം ജീവനക്കാരും വനിതകളായിരുന്നു. ഇന്ത്യയിലെ ടെക്ക് മേഖലയിലെ നിലവിലെ ലിംഗ വൈവിധ്യ അനുപാതം 33 ശതമാനമാണ്. ഇത് വര്‍ഷങ്ങളായി തുടരുന്ന വ്യവസായ ഇടപെടലുകളുടെ ഫലമാണെന്നാണ് നാസ്‌കോം പറയുന്നത്.

2030 ഓടെ മൊത്തം ജീവനക്കാരില്‍ 45 ശതമാനം വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്താനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 35,000 ബിരുദധാരികളെ നിയമിക്കാനും പരിശീലനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് 40,000 പുതുമുഖങ്ങളില്‍ 15,000-18,000 വനിതകളെയും നിയമിക്കും. ഈ വര്‍ഷം 30,000 കാമ്പസ് നിയമനങ്ങള്‍ നടത്താന്‍ വിപ്രോ ഉദ്ദേശിക്കുന്നുണ്ട്. അതില്‍ പകുതിയും വനിതകളായിരിക്കും. നിലവില്‍, വിപ്രോയിലെ ജീവനക്കാരില്‍ 35 ശതമാനം വനിതകളാണ്.

Read more topics: # Tech companies,

Related Articles

© 2025 Financial Views. All Rights Reserved