
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ജൂണ്‍ പാദത്തില്‍ ലാഭം തുടര്‍ച്ചയായി കുറഞ്ഞു. മുന്‍ പാദത്തെ അപേക്ഷിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അറ്റാദായത്തില്‍ 13 ശതമാനം ഇടിവാണ് ടിസിഎസിന് ഉണ്ടായത്.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ അറ്റാദായം ജൂണ്‍ പാദത്തില്‍ 7,008 കോടി രൂപയാണ്. 2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഇത് 8,049 കോടി രൂപയായിരുന്നു. 7,705 കോടി രൂപയുടെ ലാഭം കമ്പനി നേടുമെന്ന് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതേത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ 1.23 ശതമാനം ഇടിഞ്ഞ് 2,177.25 രൂപയിലെത്തി. ടിസിഎസിന്റെ പാദ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായത്. സ്ഥിരമായ കറന്‍സി കണക്കനുസരിച്ച്, വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 6.3 ശതമാനം ഇടിഞ്ഞു, ടിസിഎസ് പത്രക്കുറിപ്പില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 23.6 ശതമാനവും അറ്റ ??മാര്‍ജിന്‍ 18.3 ശതമാനവുമാണ്.