പിരിച്ചുവിടൽ ഇല്ല, പക്ഷേ ശമ്പള വർധനവും ഇല്ലെന്ന് ടിസിഎസ്

April 18, 2020 |
|
News

                  പിരിച്ചുവിടൽ ഇല്ല, പക്ഷേ ശമ്പള വർധനവും ഇല്ലെന്ന് ടിസിഎസ്

ബെം​ഗളുരു: കൊറോണ ഭീതി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ കമ്പനികളെല്ലാം പകച്ചുനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വ്യവസായങ്ങളുടെയെല്ലാം താളം തെറ്റി. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ചിത്രവും മറ്റൊന്നല്ല. പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ കമ്പനിയുടെ വരുമാനം വഴിമുട്ടി. ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ നാലരലക്ഷം ജീവനക്കാരെ പിരിച്ചുവിടാന്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസ് ആലോചിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം കമ്പനി തിരുത്തി. ജീവനക്കാരെ താത്കാലികമായി പിരിച്ചുവിടില്ല. പകരം ശമ്പള വര്‍ധനവുണ്ടായിരിക്കില്ലെന്ന് വ്യാഴാഴ്ച്ച ടിസിഎസ് വ്യക്തമാക്കി. ഓഫര്‍ ലെറ്റര്‍ കൈപ്പറ്റിയ 40,000 -ത്തോളം പേര്‍ക്ക് ജോലിയില്‍ കയറാന്‍ കഴിയുമെന്നും ടിസിഎസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് പാദം വലിയ ലാഭത്തിലാണ് ടിസിഎസ് സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു പാദം സ്ഥിതിഗതികള്‍ ദുഷ്‌കരമായിരിക്കുമെന്ന സൂചന കമ്പനി നല്‍കി. ഈ കാലയളവില്‍ വരുമാനത്തില്‍ വലിയ ഇടിവ് ടിസിഎസ് പ്രതീക്ഷിക്കുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടില്ലെന്ന കാര്യം ടിസിഎസ് എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥാണ് അറിയിച്ചത്. ഓഫര്‍ ലെറ്റര്‍ കിട്ടിയ 40,000 പേര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാവുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേസമയം, ഈ വര്‍ഷം ടിസിഎസില്‍ ശമ്പള വര്‍ധനവുണ്ടായിരിക്കില്ല. നിലവില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.

ഇതേസമയം, കൊറോണ ഭീതിയിലും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചും ചില കമ്പനികള്‍ രംഗത്തുണ്ട്. ഐടി പ്രമുഖരായ കേപ്‌ജെിനിയാണിതില്‍ പ്രധാനം. ഈ വര്‍ഷം 70 ശതമാനം ജീവനക്കാര്‍ക്കും കമ്പനി ശമ്പള വര്‍ധനവ് നല്‍കിയിട്ടുണ്ട്. കേപ്ജെമിനിയെ കൂടാതെ ഡിജിറ്റല്‍ പേയ്മെന്റ് സംരംഭമായ ഭാരത്പേയും അമേരിക്കന്‍ ഐടി കമ്പനിയായ കോഗ്നിസെന്റും അവരുടെ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കുന്നതായാണ് ഭാരത്പേ സ്ഥാപകനും സിഇഒയുമായ അഷ്നീര്‍ ഗ്രോവര്‍ അറിയിച്ചത്. അസോസിയേറ്റ് ലെവല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായാണ് കോഗ്നിസെന്റ് അറിയിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved