ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ടിസിഎസ്

September 07, 2021 |
|
News

                  ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ടിസിഎസ്

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് 18 മാസത്തെ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പടെയുളള റിമോര്‍ട്ട് വര്‍ക്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ക്യാമ്പസുകള്‍ സജീവമാക്കാനാണ് ടിസിഎസ്സിന്റെ ആലോചന. എന്നാല്‍, കൊവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതത്തെ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

ജീവനക്കാരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായാണ് കമ്പനിയുടെ വിലയിരുത്തല്‍. കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തിലോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ, മൂന്നാം തരംഗത്തെ കൂടി കണക്കിലെടുത്ത് ഓഫീസിലെ ജീവനക്കാരുടെ 70-80 ശതമാനത്തെ തിരികെയെത്തിക്കാനാണ് പദ്ധതിയെന്ന് ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് ഗോപിനാഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ 90% സ്റ്റാഫുകള്‍ക്കും ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തിരികെ വിളിക്കുന്ന നടപടികളിലേക്ക് കമ്പനി കടക്കുക. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സര്‍വീസ് കമ്പനികളിലൊന്നായ ടിസിഎസ്, രാജ്യത്തെ 150 ബില്യണ്‍ ഡോളര്‍ സോഫ്‌റ്റ്വെയര്‍ കയറ്റുമതിയില്‍ ഏകദേശം 15% സംഭാവന ചെയ്യുന്നു, കൂടാതെ 4.6 ദശലക്ഷം വരുന്ന ഈ രംഗത്തെ പ്രൊഫഷണലുകളില്‍ പത്തിലൊന്ന് ജോലി ചെയ്യുന്നതും ടിസിഎസ്സിലാണ്.

Read more topics: # ടിസിഎസ്, # tcs,

Related Articles

© 2025 Financial Views. All Rights Reserved