
ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം വലിയ രീതിയില്‍ കുറഞ്ഞെങ്കിലും 40000 തുടക്കക്കാര്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ കഴിഞ്ഞ വര്‍ഷം തുടക്കക്കാര്‍ക്ക് നല്‍കിയ ഓഫറുകള്‍ പാലിച്ചുവെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഗ്ലോബല്‍ എച്ച് ആര്‍ ഹെഡ് മിലിന്ദ് ലക്കാഡ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഇതില്‍ 2000ത്തോളം അവസരം ടിസിഎസിന്റെ അമേരിക്കയിലെ ക്യാംപസിലേക്കായിരിക്കുമെന്നാണ് സൂചന.
അടിത്തട്ടില്‍ നിന്ന് നിര്‍മ്മിക്കുകയെന്ന അടിസ്ഥാന തന്ത്രത്തില്‍ മാറ്റമില്ലെന്നാണ് മിലിന്ദ് ലക്കാഡ് വിശദമാക്കുന്നത്. അമേരിക്കയില്‍ എന്‍ജീനീയര്‍മാരെ കൂടാതെ പ്രധാന ബിസിനസ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം ലഭിക്കുന്നത്. 2014 മുതല്‍ 20000 അമേരിക്കക്കാര്‍ക്കാണ് ടിസിഎസ് അവസരം നല്‍കിയിട്ടുള്ളത്.
എച്ച് 1 ബി, എല്‍ 1 വര്‍ക്ക് വിസ സംബന്ധിച്ച ട്രംപ് സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്. എച്ച് 1 ബി വിസയെ കൂടുതലായി ആശ്രയിക്കുന്ന പ്രവണതയില്‍ നിന്ന് മാറേണ്ടതുണ്ടെന്നും ടിസിഎസ് വിശദമാക്കുന്നു. ഈ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും മിലിന്ദ് ലക്കാഡ് പറയുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ രീതിയിലുള്ള സംഭാവനകള്‍ കമ്പനിയുടേതായുണ്ടെന്നും ടിസിഎസ് നിരീക്ഷിക്കുന്നു.