കേരളത്തിലേക്ക് 600 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്

July 22, 2021 |
|
News

                  കേരളത്തിലേക്ക് 600 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി ആരംഭിക്കുന്നതെന്നും ധാരണാപത്രം ഉടന്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടിസിഎസിന്റെ 750 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും കൂടി പൂര്‍ത്തിയാകുമ്പോള്‍ 1350 കോടി രൂപയുടെ പദ്ധതിയായി ഇത് മാറുമെന്നും അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു. ലുലു ഗ്രൂപ്പിന്റെയും വീ ഗാര്‍ഡിന്റെയും പദ്ധതിയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇ.എം.സി ലാബില്‍ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂണിറ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫെയര്‍ എക്സ്പോര്‍ട്ട്സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved