
ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെര്‍ജി ബ്രിന്നും മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങുന്നു. ഗൂഗിളിന്റെ സിഇഒ ആയ സുന്ദര്‍ പിച്ചെ ആയിരിക്കും ആല്‍ഫബെറ്റിന്റെ പുതിയ സിഇഒ ആയി ചുമതല ഏറ്റെടുക്കുക. അതേസമയം ഇരുവരും കമ്പനി ബോര്‍ഡില്‍ അംഗമായി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തത്ക്കാലം ബിന്നിനു പകരം പ്രസിഡന്റ് ആയി ആരും ചുമതല ഏല്‍ക്കില്ല. സുന്ദര്‍ പിച്ചെയ്ക്കായിരിക്കും എല്ലാ മേല്‍ നോട്ടവും. നാലു വര്‍ഷത്തിനു മുകളിലായി ഗൂഗിളിനെ നയിക്കുന്നത് ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രിന്നും പേജും കമ്പനി മീറ്റിങുകളില്‍ നിന്നും വിട്ടു നില്‍ക്കുക ആയിരുന്നു. ആല്‍ഫബെറ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ മികച്ച നിലവാരത്തിലാണെന്നും അതിനാല്‍പടിയിറങ്ങേണ്ട സമയമായെന്നും ഇരുവരും ബ്ലോഗില്‍ കുറിച്ചിരുന്നു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കെല്‍പ്പ് ഇപ്പോള്‍ കമ്പനിക്ക് ഉണ്ടെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആല്‍ഫബെറ്റിന്റെ 50 ശതമാനം വോട്ടിങ് ഷെയറും ഇപ്പോഴും ഇരുവരുടെയും കൈവശമാണ്. ഏപ്രിലെ കണക്കനുസരിച്ച് കമ്പനിയുടെ 42.9 ശതമനം ക്ലാസ് ബി ഷെയറുകളും 26.1 ശതമാനം വോട്ടിങ് പവറും പേജിന്റെ കൈവശമാണ്. 41.3 ശതമാനം ക്ലാസ് ബി ഷെയറും 25.2 ശതമാനം വോട്ടിങ് പവറും പ്രസിഡന്റായിരുന്ന ബ്രിന്നിന്റെ കൈവശവുമാണ്.
ഇപ്പോഴും സിഇഒയുടെ റോളില്‍ തന്നെയാണ് ഉള്ളതെങ്കിലും ലാറി പേജ് ആല്‍ഫബെറ്റിന്റെ ഷെയര്‍ ഹോള്‍ഡേഴ്‌സ് മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നില്ല. ആഴ്ചതോറും തൊഴിലാളികളുമായുള്ള ചോദ്യോത്തര വേളകളിലും ഇരുവരും പങ്കെടുത്തിട്ട് നാളുകളായിരുന്നു. ചൊവ്വാഴ്ചയാണ് ഇറുവരും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ പടിയിറക്കത്തെ കുറിച്ച് അറിയിക്കുന്നത്.
സ്ഥാപിതമായ രണ്ട് ദശാബ്ദം കൊണ്ട് കമ്പനി വളര്‍ന്നെന്നും പക്വത കൈവന്നെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. 'ഇന്ന് 2019ല്‍ കമ്പനി ഒരു വ്യക്തിയായി വളര്‍ന്നിരിക്കുന്നു. 21 വയസ്സുള്ള ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ വിട്ടു പിരിയേണ്ട സമയമായി' എന്നാണ് ഇരുവരും പറഞ്ഞത്.