
ബ്രിട്ടനിലെ കൂടുതല്‍ പ്രദേശങ്ങള്‍ 5ജി അതിവേഗ ഇന്റര്‍നെറ്റിന്റെ പരിധിയിലേക്ക്. ഈ, വൊഡാഫോണ്‍, ഒ2 എന്നിവയ്ക്ക് പിന്നാലെ സ്‌കൈ കൂടി 5ജി ബ്രോഡ്ബാന്‍ഡിലേക്ക് കടന്നതോടെയാണിത്. 21 ടൗണുകളിലാണ് തുടക്കത്തില്‍ സ്‌കൈ 5ജി നല്‍കുന്നത്. നിലവില്‍ ഒ2വിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സ്‌കൈ ബ്രോഡ്ബാന്‍ഡ് നല്‍കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ പ്രദേശങ്ങള്‍ 5ജി പരിധിയില്‍ വരരാത്തതും. വൊഡാഫോണ്‍ 50 പട്ടണങ്ങളിലും ഈ 37 പട്ടണങ്ങളിലും 5ജി നല്‍കുന്നുണ്ട്.
യുകെയിലെ പ്രമുഖ ഇന്റര്‍നെറ്റ് ദാതാക്കള്‍ 5ജി ബ്രോഡ്ബാന്‍ഡിലേക്ക് കടക്കുന്നതോടെ, ബ്രിട്ടന്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടക്കുകയാണ്. മൂന്ന് മൊബൈല്‍ കമ്പനികള്‍ മാത്രമാണ് നിലവില്‍ 5ജി നല്‍കാത്തത്. ഈ കുറവും അതിവേഗം പരിഹരിക്കപ്പെടുമെന്നാണ് സൂചന. ഡെര്‍ബി, ലെസ്റ്റര്‍, സ്റ്റോക്ക് തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ബ്രിട്ടനിലെ എല്ലാ വലിയ നഗരങ്ങളിലും സ്‌കൈയുടെ 5ജി ബ്രോഡ്ബാന്‍ഡ് നിലവില്‍ ലഭ്യമാകുന്നുണ്ട്.
ലണ്ടന്‍, എഡിന്‍ബറോ, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ്, ലീഡ്സ്, സ്ലോഗ്, ലെസ്റ്റര്‍, ലിസ്ബണ്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം,, ഗ്ലാസ്ഗോ, ലിവര്‍പൂള്‍, ന്യൂകാസില്‍, ബ്രാഡ്ഫഡ്, ഷെഫീല്‍ഡ്, കവന്‍ട്രി, നോട്ടിങ്ങാം, നോര്‍വിച്ച്, ബ്രിസ്റ്റള്‍, ഡെര്‍ബി, സ്റ്റോക്ക് എന്നിവിടങ്ങളിലാണ് സ്‌കൈയുടെ 5ജി സേവനമുള്ളത്. തങ്ങളുടെ വി.ഐ.പി. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 5ജിയിലേക്ക് മാറാനാകുമെന്ന് സ്‌കൈ വ്യക്തമാക്കി. സാധാരണ ഉപഭോക്താക്കള്‍ക്ക് മാസം അഞ്ച് പൗണ്ട് അധികം നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും. സ്‌കൈ വി.ഐ.പി. പാക്കേജിലേക്ക് അപ്ഗ്രേഡ് ചെയ്താലും സൗജന്യ സേവനം ലഭിക്കും.
അതിവേഗ ഇന്റര്‍നെറ്റ് അത്യാഹ്ലാദത്തോടെ അവതരിപ്പിക്കുന്നുവെന്നാണ് 5ജി പ്രഖ്യാപനം നടത്തിക്കൊണ്ട് സ്‌കൈ മൊബൈലിന്റെ പോള്‍ സ്വീനി പറഞ്ഞത്. വേനല്‍ക്കാലമാകുന്നതോടെ 50 ഇടങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുള്‍പ്പെട്ട പ്രദേശത്ത് 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും സ്‌കൈ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഈ പരിശോധനകളെ അത്ര കാര്യമാക്കേണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഇത്തരം സൈറ്റുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളില്‍പ്പലരും വഞ്ചിതരാകാറുണ്ടെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍.ജി.എ.) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓരോവര്‍ഷവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഇത്തരം വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നത്. വെബ്സൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണക്ഷനെടുകക്കുന്നവര്‍ പലരും പിന്നീട് പരാതികളുമായി രംഗത്തുവരാറുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
1980-ലാണ് ജി സ്പെക്ട്രം നിലവില്‍ വരുന്നത്. ഫോണ്‍ കോളുകളിലൂടെ അനലോഗ് ഡേറ്റ കൈമാറുന്നതിനായിരുന്നു ഇത്. മൊബൈല്‍ വ്യാപനത്തിനൊപ്പം സ്പെക്ട്രത്തിലും വലിയ മു്ന്നേറ്റങ്ങളുണ്ടായി. 1991-ല്‍ 2ജി നിലവില്‍വന്നു. എസ്.എം.എസും എം.എം.എസും വന്നു. മൊബൈല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഡേറ്റ അതിവേഗം കൈമാറുന്നതിനാണിത്. 3ജിയും 4ജിയും മൊബൈല്‍ ബ്രൗസിങ് രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയെങ്കില്‍, 5ജി, അല്‍പംപോലും സമയവ്യത്യാസമില്ലാതെ ഡേറ്റ കൈമാറാന്‍ സഹായിക്കുന്നതാണ്.