സാങ്കേതിക വിദ്യയുടെ വളര്‍ച്ച; ആഗോളതലത്തില്‍ അടുത്ത 6 വര്‍ഷത്തിനുള്ളില്‍ 45 ദശലക്ഷം തൊഴില്‍ നഷ്ടപ്പെടും

March 30, 2019 |
|
News

                  സാങ്കേതിക വിദ്യയുടെ വളര്‍ച്ച; ആഗോളതലത്തില്‍ അടുത്ത 6 വര്‍ഷത്തിനുള്ളില്‍ 45 ദശലക്ഷം തൊഴില്‍ നഷ്ടപ്പെടും

ഡിജിറ്റല്‍ ടെക്‌നോളജികളുടെ വരവോടെ ആഗോളതലത്തില്‍ 45 ദശലക്ഷം ജോലികള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. 2025 ആകുമ്പോഴേക്കും 45 ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ഡിജിറ്റല്‍ ടെക്‌നോളജീസ് വഴി ഉത്പാദനക്ഷമത ഉയര്‍ത്താനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. ഇന്ന് നമ്മള്‍ ചെയ്യുന്ന പല ജോലികളും കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമായേക്കാം. പല മേഖലകളിലും നമ്മുടെ അറിവുകള്‍ക്കതീതമായിട്ടുള്ള ജോലികള്‍ ആയിരിക്കും വരാന്‍ പോകുന്നത്. ഇന്നോളം നമുക്ക് കേട്ട് പരിചയം പോലുമില്ലാത്ത ജോലികളായിരിക്കും പകരം വരാനിരിക്കുന്നത്. 

സാങ്കേതികവിദ്യാ വ്യവസായ നേതാക്കള്‍ ഇന്ത്യന്‍ ടെക്കികളുടെ കഴിവുകളെക്കുറിച്ച് ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുകയും, ഭാവിയില്‍ സഹായകമാണോയെന്ന് ചിന്തിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐടി / സോഫ്‌റ്റ്വെയര്‍, ബിസിനസ്സ് പ്രൊസസ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ആശയവിനിമയം, ഇലക്ട്രോണിക്‌സ് ഉത്പാദനം തുടങ്ങിയ കോര്‍ ഡിജിറ്റല്‍ മേഖലകള്‍ക്ക് അവരുടെ ജിഡിപി സംഭാവന ഇരട്ടിയാകും.

സാങ്കേതിക മേഖലകളിലെ ഇന്റര്‍നെറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടേമേഷന്‍ തുടങ്ങിയവയെല്ലാം തൊഴില്‍ മേഖലയില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഗോള ബിസിനസ് രംഗത്ത് തന്നെ ദിനംപ്രതി മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ സംരംഭങ്ങളും പുത്തന്‍ സ്റ്റാര്‍ട്ടപ്പുകളും ലോകത്തെ തന്നെ മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകളാല്‍ മുന്നിട്ട് നില്‍ക്കുകയാണ് ഓരോ വ്യവസായ മേഖലകളും. 

ഡിജിറ്റല്‍ സാധ്യതകള്‍ ഇന്ത്യയെ മാറ്റി മറിക്കുമെങ്കിലും സാങ്കേതിക വിദ്യയിലൂന്നിയ തൊഴില്‍ മേഖലയില്‍ ഒരുപാട് ജോലികള്‍ നഷ്ടപ്പെടും. കൂടുതല്‍ നേട്ടങ്ങള്‍ പിടിച്ചെടുക്കാനും  സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും കൂടുതല്‍ എളുപ്പമാക്കാനും സാങ്കേതിക വിദ്യകള്‍ തന്നെ ആവശ്യമായി വരും. 

 

 

Related Articles

© 2025 Financial Views. All Rights Reserved